chelamattom
ചേലാമറ്റം കോട്ടയിൽ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ തന്ത്രി മണയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന അഷ്ടബന്ധകലശത്തിന്റെ ആദ്യ ദിവസത്തെ ചടങ്ങുകൾ

പെരുമ്പാവൂർ: ചേലാമറ്റം കോട്ടയിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണകലശത്തിന് തുടക്കമായി. 9 ദിവസങ്ങളിലായി പൂർത്തിയാകുന്ന താന്ത്രികച്ചടങ്ങുകൾ 28ന് ബ്രഹ്മകലശാഭിഷേകത്തോടെ സമാപിക്കും. ഇന്നലെ മൃത്യഞ്ജയഹോമം, മഹാസുദർശനഹോമം, ആവാഹനം എന്നിവയോടെയാണ് പരിഹാരക്രിയകൾക്ക് തുടക്കമായത്. ക്ഷേത്രം തന്ത്രി രാമമംഗലം മണയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി ചെറുകുട്ട മന ജയദേവൻ പോറ്റിയുടെയും കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.

രണ്ടു മാസം മുമ്പ് നടന്ന അഷ്ടമംഗല ദേവപ്രശ്നത്തെത്തുടർന്നുള്ള പ്രായശ്ചിത്ത പരിഹാരക്രിയകൾക്കുശേഷമാണ് കലശച്ചടങ്ങുകൾക്ക് ആരംഭം കുറിച്ചിരിക്കുന്നത്. നാലാം ദിവസമായ ശനിയാഴ്ച വൈകിട്ട് 6നാണ് ആചാര്യവരണം. തുടർന്നുള്ള ദിവസങ്ങളിൽ ഹോമ, കലശാദി പൂജകൾ എന്നിവ നടക്കും. 27ന് രാവിലെ 9നാണ് തത്വകലശാഭിഷേകം. 28ന് ഉച്ചയ്ക്ക് 12.15നും 1.25നും മദ്ധ്യേ അഷ്ടബന്ധം സ്ഥാപിച്ച് ബ്രഹ്മകലശാഭിഷേകം നടത്തുമെന്ന് പ്രസിഡന്റ് ഗോപി വെള്ളിമറ്റം പറഞ്ഞു. ഇരുപതു വർഷത്തിനുശേഷമാണ് ക്ഷേത്രത്തിൽ കലശം നടക്കുന്നത്.