* കൊച്ചി ലോകത്തെ മനോഹരനഗരം,
നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ലോകത്തിലെ മനോഹരനഗരമായ കൊച്ചിയെ

പ്രൗഢിയോടെ നിലനിറുത്താൻ ശക്തമായ ഇടപെടലുകളുണ്ടാകുമെന്ന് ഹൈക്കോടതി. പ്രധാനപാതയായ എം.ജി റോഡിലടക്കം നടപ്പാതകളുടെ സുരക്ഷയും വഴിവിളക്കുകളും അറ്റകുറ്റപ്പണിയും ഉറപ്പാക്കാനുള്ള മുൻ ഉത്തരവുകൾ പാലിക്കാത്തതിൽ കോടതി അതൃപ്തി അറിയിച്ചു. ഉത്തരവുകൾ പരിശോധിച്ച് നടപടിയെടുക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കളക്ടർക്ക് നിർദ്ദേശം നൽകി. വിഷയം ഡിസംബർ ആദ്യവാരം വീണ്ടും പരിഗണിക്കും.

നഗരപരിധിക്കുള്ളിൽത്തന്നെ കായലും കടൽത്തീരവും ദ്വീപുകളും കപ്പൽശാലയുമുള്ള നഗരം മറ്റൊന്നില്ല. എന്നാൽ ഇവിടെ മഹാത്മാഗാന്ധിയുടെ പേരിലുള്ള പ്രധാനപാതപോലും വല്ലാത്ത കോലത്തിലാണ്.

* ഹൈക്കോടതി​ വി​മർശനങ്ങൾ

1 എം.ജി റോഡിൽ പലയിടത്തും നടപ്പാത തകർന്നനിലയിൽ.

2 കച്ചേരിപ്പടിയിൽ ഫുട്പാത്തില്ലാത്ത ഭാഗമുണ്ട്. ബസ് കാത്തുനിൽക്കുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ ആശങ്കയുണ്ട്.

3 നോർത്തിൽ ഒരുഭാഗത്ത് നടപ്പാത റോഡ് നിരപ്പിനേക്കാൾ താഴെയാണ്.

മഴപെയ്താൽ നടക്കാനാകില്ല.

4 ജലഅതോറിറ്റി കുത്തിപ്പൊളിച്ച ചിറ്റൂർറോഡ് പൂർവസ്ഥിതിയിലാക്കണമെന്ന ഉത്തരവ് നടപ്പായില്ല.

5 വഴിവിളക്കുകൾ ഇല്ലാത്തിടത്ത് സ്ഥാപിക്കണമെന്ന നിർദ്ദേശം പാലിച്ചിട്ടില്ല.

6 ഇരുട്ടിയാൽ പലയിടങ്ങളും സാമൂഹികവിരുദ്ധരുടെ താവളമാകാൻ സാദ്ധ്യത. അതിനാൽ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥിതിയെന്തെന്ന് കളക്ടർ തിരിച്ചറിയണം. എല്ലാ ഏജൻസികളേയും ഏകോപിപ്പിക്കണം. പ്രതിബന്ധങ്ങളുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്താം.

7 ഉദ്യോഗസ്ഥർ ശമ്പളംമാത്രം കാത്തിരിക്കാതെ ജനങ്ങളുടെ ആവശ്യങ്ങളും കണക്കിലെടുക്കണം.

വീണ്ടെടുക്കണം എം.ജി റോഡിന്റെ പ്രതാപം

മനോഹരമായ എം.ജി റോഡിന്റെ പ്രതാപം നഷ്ടപ്പെടാൻ പ്രധാനകാരണം നടപ്പാതകളുടെ ദുരവസ്ഥയാണെന്ന് കോടതി വിലയിരുത്തി. എം.ജി റോഡിൽ നിന്ന് വ്യാപാരശാലകൾ അകലുകയാണ്. അറ്റകുറ്റപ്പണിക്ക് പണമില്ലെന്നാണ് സർക്കാ‌ർ പറയുന്നത്. കാൽനടയും വാഹനഗതാഗതവും സുഗമമാക്കിയാൽ വ്യാപാരങ്ങൾ തിരികെവരും. എം.ജി റോഡ് വരുമാനസ്രോതസാകും.

ലോകത്തിന് മുന്നിൽ പേരു കളയരുത്

ഫോർട്ടുകൊച്ചിയിൽ ആയുർവേദ ചികിത്സയ്ക്കെത്തിയ ഫ്രഞ്ച് പൗരന് കാനയിൽ വീണ് പരി​ക്കേറ്റ സംഭവവും പരാമർശിച്ചു. അറ്റകുറ്റപ്പണിക്കായി കുഴിച്ചിടത്ത് വേണ്ടവിധം വേലികെട്ടാത്തതാണ് കാരണമായതെന്ന് സ്മാർട്ട്‌സിറ്റി മിഷൻ അറിയിച്ചു. സന്ദർശകരെത്തുന്നിടത്ത് റോഡ്സുരക്ഷ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കോടതി കളക്ടറോട് നിർദ്ദേശിച്ചു. സംഭവിച്ചു കഴിഞ്ഞശേഷം ന്യായീകരണമുന്നയിച്ചിട്ട് കാര്യമില്ല.

രാജ്യാന്തര സമൂഹത്തിനുമുന്നിൽ കൊച്ചിയുടെ പേര് കളങ്കപ്പെടുത്താൻ ഇടയാക്കരുത്. വരുംതലമുറകളെ മുൻനിറുത്തി അറബിക്കടലിന്റെ റാണിയുടെ സൗന്ദര്യം നിലനിറുത്തണം.