പെരുമ്പാവൂർ: അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം കൂവപ്പടി പഞ്ചായത്തിലെ അഭയാരണ്യത്തിനടുത്തുള്ള കുമാരപുരം പട്ടികജാതി നഗറിൽ ഒരു കോടി രൂപയുടെ നവീകരണ പ്രവൃത്തികളുടെ നിർമ്മാണോദ്ഘാടനം ശനിയാഴ്ച രാവിലെ 9.30ന് നടക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. കമ്മ്യൂണിറ്റി ഹാൾ, റോഡുകൾ, കുടിവെള്ള സൗകര്യങ്ങൾ, മാലിന്യ സംസ്കരണം, കാനനിർമാണം, വീട് അറ്റകുറ്റപ്പണി, ശൗചാലയ നിർമ്മാണം എന്നിവയുൾപ്പെടുത്തിയാണ് നവീകരണ പ്രവൃത്തികൾ. കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മായാ കൃഷ്ണകുമാർ അദ്ധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനു അംബീഷ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ. ജോസ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ. സന്ധ്യ എന്നിവർ പങ്കെടുക്കും.