
കാലടി: മാണിക്യമംഗലം നെട്ടിനംപിള്ളി ഭാഗത്ത് കാരിക്കോത്ത് വീട്ടിൽ ശ്യാംകുമാർ (34)നെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. കാലടി, പെരുമ്പാവൂർ, കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം,കഠിന ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, മയക്ക് മരുന്ന് കേസ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണ്. 2023 ഫെബ്രുവരി മുതൽ 6 മാസത്തേക്ക് ഇയാളെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. ഇതിന് ശേഷം ജില്ലയിൽ പ്രവേശിച്ച ഇയാൾ കഴിഞ്ഞ സെപ്തംബറിൽ പെരുമ്പാവൂർ പഴയ വെജിറ്റബിൾ മാർക്കറ്റിന് സമീപം 8.805 കിലോഗ്രാം കഞ്ചാവുമായി പിടിയിലായി. ഇതേത്തുടർന്നാണ് ജയിലിടയ്ക്കാൻ ഉത്തരവിട്ടത്. കാലടി പൊലീസ് ഇൻസ്പെക്ടർ അനിൽ കുമാർ.ടി.മേപ്പിള്ളിയിൽ, എസ്.ഐ ജോസി എം. ജോൺസൻ, സീനിയർ സി.പി.ഒ മാരായ പി.എ. ഷംസു, സുധീഷ് കുമാർ, ജീമോൻ.കെ.പിള്ള എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.