padam

കൊച്ചി: കളമശേരി കൂനംതൈയിൽ ഒറ്റയ്‌ക്ക് താമസിച്ചിരുന്ന വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ പൊലീസ് അന്വേഷണം അപ്പാർട്ട്‌മെന്റിൽ ഹെൽമെറ്റ് ധരിച്ചെത്തിയ യുവാവിനെ കേന്ദ്രീകരിച്ച്. കൊല്ലപ്പെട്ട പെരുമ്പാവൂർ ചൂണ്ടക്കുഴി കോരോത്തുകുടി വീട്ടിൽ ജെയ്‌സി എബ്രഹാമിന്റെ (50) അപ്പാർട്ട്‌മെന്റിൽ ഞായറാഴ്ച രാവിലെ പത്തരയോടെയാണ് യുവാവ് എത്തിയത്. രണ്ട് മണിക്കൂറോളം അവിടെ ചെലവഴിച്ച ഇയാൾ, മറ്റൊരു ടീ ഷർട്ടിട്ട് ഹെൽമെറ്റും ധരിച്ചാണ് മടങ്ങിയത്. അപ്പാർട്ട്‌മെന്റിന്റെ മുന്നിലെ വീട്ടിൽ നിന്നാണ് നിർണായകമായ സി.സി ടി.വി ദൃശ്യം ലഭിച്ചത്.

ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഹെൽമെറ്റ് ധരിച്ചാണ് എത്തിയതെങ്കിലും ഇയാളുടെ ബൈക്ക് സമീപത്തെ സി.സി ടി.വിയിലൊന്നും പതിഞ്ഞിട്ടില്ല. ബൈക്ക് മറ്റെവിടെയെങ്കിലും ഒളിപ്പിച്ച ശേഷമാകാം അപ്പാർട്ട്‌മെന്റിൽ എത്തിയതെന്ന് സംശയിക്കുന്നു. ഇയാൾ വന്നുപോയ സമയത്താണ് ജെയ്‌സി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. ജെയ്‌സിയുടെ സ്വർണമാല, മൂന്ന് വളകൾ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്.

പത്തോളം മുറിവുകളാണ് ദേഹത്തുണ്ടായിരുന്നത്. നെറുകയിൽ ആഴത്തിൽ പല മുറിവുകളുണ്ട്. ഇവയാണ് മരണകാരണം. തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ മുഖം വികൃതമാക്കി ശുചിമുറിയിൽ ഉപേക്ഷിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു.

ജെയ്‌സിയുടെ മൊബൈൽ ഫോണുകളുടെ കോൾ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. യുവാവിന് പുറമെ മറ്റു പലരും മുൻ ദിവസങ്ങളിൽ വന്നുപോയിരുന്നു. ഇവരെ ഓരോരുത്തരെയായി വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നുണ്ട്. പ്രതിയെ വൈകാതെ പിടികൂടുമെന്ന് കളമശേരി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ജെയ്‌സിയെ കുളിമുറിയിൽ മരിച്ചനിലയിൽ പൊലീസ് കണ്ടെത്തിയത്. കാനഡയിൽ ജോലിയുള്ള ഏക മകൾ അമ്മയെ ഫോണിൽ വിളിച്ചു കിട്ടാതായപ്പോൾ പൊലീസിനെ അറിയിക്കുകയായിരുന്നു.