kl

കിഴക്കമ്പലം: കുരുപ്പനുമൊത്ത് കളിച്ചു നടക്കുമ്പോഴാണ് സാക്ഷ കൈവരിയില്ലാത്ത കിണറ്റിൽ വീണത്. രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞു കുരുപ്പൻ തിരികെ വീട്ടിലേക്കോടി. ഉച്ചമയക്കത്തിലായിരുന്ന യജമാനനെ കുരച്ച് ഉണർത്തി, കിണറ്റിൻകരയിലെത്തിച്ചു. സാക്ഷ മുങ്ങിത്താഴുമെന്നു ഭയന്ന് കിണറ്റിൽ ചാടിയ യജമാനനെയും സാക്ഷയെയും ഫയർഫോഴ്സ് എത്തി രക്ഷിച്ചു.

കരിയർ ആൻഡ് എഡ്യൂക്കേഷൻ കൺസൾട്ടന്റായ വെമ്പിള്ളി കൊച്ചുവീട്ടിൽ സുൽഫിക്കറിന്റെ അരുമ നായ്‌ക്കളാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട സാക്ഷയും കുരുമ്പനും.

ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് സംഭവം. അരുമകളെ പൂട്ടിയിടാതെയാണ് സുൽഫിക്കർ വളർത്തുന്നത്. ഗേറ്റ് തുറന്നു കിടന്നതിനാൽ, ഇരുവരും തൊട്ടടുത്ത് കുട്ടികൾ കളിക്കുന്നിടത്തേക്ക് പോയി. അയൽവാസിയായ ബിന്ദു രാജുവിന്റെ കൈവരിയില്ലാത്ത കിണറ്റിൽ രണ്ടുവയസുള്ള സാക്ഷ വീണു.

കുരുപ്പന്റെ അസാധാരണമായ കുരകേട്ടാണ് സുൽഫിക്കർ മയക്കമുണർന്നത്. കാര്യം മനസിലാകാതെ നിന്ന സുൽഫിക്കറിനെയും കിണറും നോക്കി
കുര തുടർന്നതോടെ അയൽവാസികളോടൊപ്പം നടത്തിയ അന്വേഷണത്തിൽ കിണറ്റിൽ സാക്ഷയെ കണ്ടെത്തി.

30 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ചാടിയ സുൽഫിക്കറിന് തിരിച്ചു കയറാനായില്ല. സാക്ഷയെ എടുത്തുയർത്തി മോട്ടോർ പൈപ്പിൽ പിടിച്ച് മുങ്ങാതെ കിടന്നു. അയൽവാസികൾ അറിയിച്ച് സ്ഥലത്തെത്തിയ പട്ടിമറ്റം ഫയർസ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ സംഘം നെറ്റുപയോഗിച്ച് ഇരുവരെയും കരയ്‌ക്കെത്തിച്ചു.

കലൂർ സ്റ്റേഡിയത്തിന് മുന്നിൽ ആരോ ഉപേക്ഷിച്ച കുരുപ്പനെ സുൽഫിക്കർ രക്ഷിച്ച് വീട്ടിലെത്തിക്കുകയായിരുന്നു. നായ് സ്നേഹിയായ സുൽഫിക്കർ തെരുവു നായ്‌ക്കൾക്ക് പതിവായി ഭക്ഷണം കൊടുക്കാറുമുണ്ട്.