തോപ്പുംപടി: ഹാർബർ പാലം നവീകരിച്ച് അടിപൊളിയാക്കും. എട്ട് ദിവസത്തെ അറ്റകുറ്റപ്പണിയിൽ ടാറിംഗ്, ലൈറ്റുകളുടെ നവീകരണം ഉൾപ്പെടെ നടത്തും. രാത്രിയും പകലുമായാണ് ജോലി. ഇതിന്റെ ഭാഗമായി ഇന്നുമുതൽ 28 വരെ പാലം അടച്ചിടും. പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്.
പാലത്തിന്റെ ഇരുവശത്തെ കമ്പികൾ ഇളകിപ്പോയതിനാൽ അറവുശാലയിലെ മാലിന്യം ഉൾപ്പെടെയുള്ളവ കായലിലേക്ക് തള്ളുന്നത് പതിവായി. പാലത്തിന്റെ താഴെയുള്ള ഭാഗം സാമൂഹികവിരുദ്ധർ കൈയടക്കിയിരിക്കുകയാണ്. രാത്രിയും പകലും പൊലീസ് പട്രോളിംഗ് ഇവിടെ ഏർപ്പെടുത്തും.
പാലം അടക്കുന്നതോടെ ബി.ഒ.ടി പാലത്തിലും കണ്ണങ്ങാട്ട് - ഐലൻഡ് പാലത്തിലും തിരക്കേറും. ടു, ത്രീ, ഫോർവീലറുകൾ മാത്രമാണ് ഹാർബർ പാലം വഴി പോയിരുന്നത്. ടാറിംഗ് ഇളകി വൻ കുഴികളാണ് പാലത്തിൽ രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ നിരവധി അപകടങ്ങൾ സംഭവിച്ചതിനെ തുടർന്ന് കെ.ജെ. മാക്സി എം.എൽ.എ ഇടപെട്ടാണ് നവീകരണജോലികൾ വേഗത്തിലാക്കിയത്. 30 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. റീ ടാറിംഗ് നടത്തിയതിനുശേഷം മറ്റു ജോലികളും പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു.