തൃപ്പൂണിത്തുറ: തിരുവാങ്കുളം വില്ലേജിൽ ഇരുമ്പനം ഐ.ഒ.സി വാർഡ് അതിർത്തിയിൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) വ്യാപകമായി. 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഒരു തട്ടുകടയിലെ ജീവനക്കാരനിൽ നിന്നാണ് പകർന്നതെന്ന് കണ്ടെത്തി. തുടർന്ന് ഹോട്ടലുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി.
പിറവം നിയോജകമണ്ഡലം എഫ്.എസ്.ഒ നവനീതയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ നഗരസഭ ഹെൽത്ത് വിഭാഗം എച്ച്.ഐ ഇന്ദു സി. നായർ, ജെ.എച്ച്.ഐ വിദ്യ എന്നിവർ സംയുക്തമായി ഇരുമ്പനത്ത് പരിശോധന നടത്തി. ഹെൽത്ത് കാർഡ് ഇല്ലാത്തത് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തിയ കടകൾക്ക് നോട്ടീസ് നൽകി. നഗരസഭയുടെ നേതൃത്വത്തിൽ വാർഡ് സാനിറ്റേഷൻ ജോലി പുരോഗമിക്കുന്നു. കുടിവെള്ള പരിശോധനയിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ കിണറുകളിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ സൂപ്പർ ക്ലോറിനേഷൻ നടന്നുവരുന്നു. ഹോട്ടലുകളിൽ പരിശോധന തുടരുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി അറിയിച്ചു.