കൊച്ചി: കാപ്പാ കുറ്റവാളിയും പോക്സോ കേസ് പ്രതിയുമായ കോഴിക്കോട് സ്വദേശിക്കൊപ്പം കഴിഞ്ഞിരുന്ന 19കാരിയെ മാതാപിതാക്കൾക്കൊപ്പം പോകാൻ അനുവദിച്ച് ഹൈക്കോടതി. പെൺകുട്ടിയുടെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നടപടി.
25കാരനായ പ്രതി ഇതേ പെൺകുട്ടി നൽകിയ പോക്സോ കേസിൽ 35 ദിവസം ജയിലിലായിരുന്നു. പിന്നീട് കോഴിക്കോട് വച്ച് വിവാഹിതരായെന്നും യുവാവിനൊപ്പം കഴിയാനാണ് താത്പര്യമെന്നും ഹൈക്കോടതിയിൽ ഒരാഴ്ച മുമ്പ് ഹാജരായപ്പോൾ പെൺകുട്ടി അറിയിച്ചിരുന്നു. ഇയാൾക്കെതിരായ മറ്റ് കേസുകളെപ്പറ്റി അറിവുണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ യുവാവിനെതിരായ കുറ്റങ്ങൾ ഗുരുതരമാണെന്ന് സർക്കാർ അഭിഭാഷകൻ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് യുവാവിന്റെ പശ്ചാത്തലം പരിശോധിക്കാൻ നിർദ്ദേശിച്ച കോടതി, അന്ന് പെൺകുട്ടിയെ തത്കാലത്തേക്ക് വീട്ടുകാർക്കൊപ്പം വിട്ടു.
വീണ്ടും ഹർജി പരിഗണിച്ചപ്പോൾ യുവാവിനെതിരെ കൊള്ള, പിടിച്ചുപറി, ജുവലറി കവർച്ച തുടങ്ങി ഗുരുതരമായ നാലു കേസുകളുണ്ടെന്ന് സർക്കാർ റിപ്പോർട്ട് നൽകി. കാപ്പ കേസിൽ നാടു കടത്തിയ സമയത്ത് ഇയാൾ കോഴിക്കോട് ജില്ലയിൽ പ്രവേശിച്ച് വിവാഹം നടത്തിയെന്നു പറയുന്നത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും വാദിച്ചു. വിവാഹം നിയമവിരുദ്ധമാണെന്നും പോക്സോ കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും പെൺകുട്ടിയുടെ രക്ഷിതാക്കളും ആരോപിച്ചു.കാമുകനെതിരായ കേസുകൾ ഇത്ര ഗുരുതരമാണെന്ന് അറിഞ്ഞിരുന്നില്ലെന്നു പറഞ്ഞ പെൺകുട്ടി, സ്വന്തം വീട്ടിലേക്ക് പോകാൻ സമ്മതം അറിയിച്ചു. പെൺകുട്ടിയുടെ സർട്ടിഫിക്കറ്റുകളും വിലപിടിപ്പുള്ള വസ്തുക്കളും ഒരാഴ്ചയ്ക്കകം അഭിഭാഷകൻ മുഖേന കൈമാറാമെന്ന യുവാവിന്റെ മൊഴി കോടതി രേഖപ്പെടുത്തി. കാപ്പ വ്യവസ്ഥകളടക്കം ലംഘിച്ച യുവാവിനെതിരെ അധികൃതർ നടപടിയെടുക്കേണ്ടതാണെന്നും വിലയിരുത്തി.