padam

കൊച്ചി/വൈപ്പിൻ: അനുമതിയില്ലാതെ കടലിൽ സിനിമാ ചിത്രീകരണം നടത്തിയ രണ്ട് ബോട്ടുകൾ വൈപ്പിൻ ഫിഷറീസ് മറൈൻ എഫോഴ്‌സ്‌മെന്റ് സംഘം കസ്റ്റഡിയിലെടുത്തു. തീരസുരക്ഷ മുൻനിറുത്തി കഴിഞ്ഞദിവസം നാവികസേന സംഘടിപ്പിച്ച സീ വിജിൽ മോക്ക് ഡ്രില്ലിന്റെ ഭാഗമായി കടലിൽ പരിശോധന നടത്തവെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ബോട്ടുകൾ ശ്രദ്ധയിൽപ്പെട്ടത്. നേവി അറിയിച്ചതിനെ തുടർന്ന് ഫീഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് തിരക്കടലിൽ നിന്ന് ബോട്ടുകൾ കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ചെല്ലാനത്ത് നിന്നു പോയ ഭാരതരത്ന, ഭാരത് സാഗർ എന്നീ ബോട്ടുകളാണ് പിടികൂടിയത്. പരിശോധനയിൽ ബോട്ടുകൾക്ക് കടലിൽ സഞ്ചരിക്കാനുള്ള സ്പെഷ്യൽ പെർമിറ്റില്ലെന്നും കടലിൽ സിനിമാ ചിത്രീകരണം നടത്തുന്നതിനുള്ള അനുമതിയുണ്ടായിരുന്നില്ലെന്നും കണ്ടെത്തി. 33 സിനിമാ അണിയറ പ്രവർത്തകർ സുരക്ഷാ ഉപകരണങ്ങൾ ധരിക്കാതെ ബോട്ടുകളിൽ ഉണ്ടായിരുന്നു.

ചെല്ലാനം ഹാർബറിൽ തെലുങ്ക് സിനിമ ഷൂട്ട് ചെയ്യാനാണ് അണിയറ പ്രവർത്തകർ അനുമതി വാങ്ങിയിരുന്നത്. എന്നാൽ രഹസ്യമായി ഷൂട്ടിംഗ് ഉൾക്കടലിൽ നടത്തുകയായിരുന്നു.

ഷൂട്ടിംഗ് സംഘത്തിൽ നിന്ന് പിഴയീടാക്കും. തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. ബെൻസണ് ഫിഷറീസ് അസി. ഡയറക്ടർ റിപ്പോർട്ട് നൽകി. ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് പ്രകാരമാകും പിഴ ഈടാക്കുക.

വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ നിന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി. അനീഷ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സിന്ധു പി.പി, സബ് ഇൻസ്‌പെക്ടർ സംഗീത് ജോബ്, ഷിജു പി.ജെ, പിങ്ക്‌സൺ, സീ റെസ്‌ക്യൂ ഗാർഡുമാരായ മഹേന്ദ്രൻ, ജിപ്‌സൺ, ബാലു, ജസ്റ്റിൻ എന്നിവരുടെ ടീമാണ് ബോട്ടുകൾ കസ്റ്റഡിയിൽ എടുത്തത്.