കൊച്ചി: എസ്.എൻ.ഡി.പി യോഗവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റും ഒന്നിച്ച് നിന്ന് മുന്നേറണമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന ശ്രീ നരസിംഹസ്വാമികളുടെ 68-ാമത് സമാധി ദിനാചരണം എരൂർ ശ്രീ നരസിംഹാശ്രമത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുസംഘടനകളെയും ഭിന്നിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. എസ്.എൻ.ഡി.പി യോഗത്തെ നശിപ്പിക്കാൻ ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്. കള്ളക്കേസുകൾ നൽകി സുപ്രീം കോടതി വരെ നിയമയുദ്ധം നടത്തിയിട്ടും യോഗത്തിനെതിരെ ഒരു പരാമർശവും കോടതികളിൽ നിന്നുണ്ടായില്ല. സാമൂഹ്യനീതിക്ക് വേണ്ടി യോഗവും ധർമ്മസംഘം ട്രസ്റ്റും ഒന്നിച്ചു നിന്ന് ചെയ്യാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ടെന്നും തുഷാർ പറഞ്ഞു.

മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്. ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന നടപടികൾക്കെതിരെ ഇരകൾക്കൊപ്പം യോഗം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുതായി നിർമ്മിച്ച നരസിംഹസ്വാമി സമാധി മണ്ഡപത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ നേതൃത്വത്തിൽ ശിവലിംഗ പുന:പ്രതിഷ്ഠയും ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയും നിർവഹിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സമാധി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ, നഗരസഭാ അദ്ധ്യക്ഷ രമാ സന്തോഷ്, ഇൻകംടാക്സ് ജോയിന്റ് കമ്മിഷണർ ജ്യോതിഷ് മോഹൻ, യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തഷ്ണത്ത്, പീപ്പിൾസ് അർബൻ ബാങ്ക് സി.ഇ.ഒ കെ. ജയപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ധർമ്മസംഘം ട്രസ്റ്റ് ട്രഷററും നരസിംഹാശ്രമം സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ സ്വാഗതവും, പൃഥ്വിരാജ് രാജേഷ് നന്ദിയും പറഞ്ഞു. സമാധി മണ്ഡപം നിർമ്മിച്ച് സമർപ്പിച്ച രാജേഷ് ഗോപാലിന് ശിവഗിരി മഠത്തിന്റെ ഉപഹാരം സ്വാമി ശുഭാംഗാനന്ദ കൈമാറി.