 
പെരുമ്പാവൂർ: അഞ്ച് വർഷമായി ഒളിവിൽക്കഴിഞ്ഞ പിടികിട്ടാപ്പുള്ളിയായ യുവാവിനെ അറസ്റ്റുചെയ്തു. നെയ്യാറ്റിൻകര ചെമ്പിലവിളയിൽ സൽമാനെയാണ് (26) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. നരിമാൻമൂട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ്. കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്നാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. കോഴിക്കോട് സിറ്റിയിലെ മോഷണക്കേസിലും പ്രതിയാണ്. ജാമ്യമെടുത്ത ശേഷം മുങ്ങി നടക്കുകയായിരുന്നു.
ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ ചോദ്യംചെയ്തപ്പോൾ പേരും വിലാസവും തെറ്റായിപ്പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിലാണ് തിരിച്ചറിഞ്ഞത്. മുംബയ് തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽക്കഴിഞ്ഞ ശേഷമാണ് ഇയാൾ പെരുമ്പാവൂരിലെത്തിയത്.