കൊച്ചി: രജിസ്‌റ്റേഡ് അല്ലാത്ത ഉടമയിൽനിന്ന് വാടകയ്‌ക്കെടുത്ത കെട്ടിടത്തിന്റെ വാടകയുടെ ജി.എസ്.ടി വ്യാപാരി അടയ്‌ക്കണമെന്ന നിർദ്ദേശം അപ്രായോഗികമായതിനാൽ അടയ്ക്കേണ്ടതില്ലെന്ന് അംഗങ്ങൾക്ക് നിർദ്ദേശം നൽകാൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അതിന്റെ പേരിൽ ഹോട്ടലുടമയ്‌ക്കെതിരെ നടപടിയുണ്ടായാൽ സംരക്ഷണം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
വാടകയുടെ ജി.എസ്.ടി ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റിലൂടെ തിരികെ ലഭിക്കുമെന്നാണ് ജി.എസ്.ടി കൗൺസിലിന്റെ വാദം. എന്നാൽ ഹോട്ടൽ, റസ്റ്റോറന്റുകൾക്ക് ഇൻപുട്ട് ടാക്‌സ് എടുക്കാൻ അനുവാദമില്ല. അതിനാൽ വാടകയ്ക്ക് മേൽ അടയ്ക്കുന്ന 18 ശതമാനം നികുതി ഹോട്ടലുടമയ്ക്ക് നഷ്ടമാകും.
ഒക്ടോബർ മുതൽ പ്രാബല്യത്തിലായ ഈ നിയമ ഭേദഗതിയിൽ നിന്ന് റസ്റ്റോറന്റ് മേഖലയെ ഒഴിവാക്കിയില്ലെങ്കിൽ പാർലമെന്റ് മാർച്ച് അടക്കമുള്ള സമരപരിപാടികൾ ആവിഷ്‌കരിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും അറിയിച്ചു.