 
ചോറ്റാനിക്കര: വിദ്യാർത്ഥികളും പ്രദേശവാസികളും കളികൾക്കും പരിശീലനത്തിനുമായി ഉപയോഗിക്കുന്ന ചോറ്റാനിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് കാടുകയറിയ നിലയിൽ. ഇഴജന്തുക്കളുടെ സാന്നിദ്ധ്യവുമുണ്ടെന്ന് ഇവിടെ എത്തുന്നവർ സാക്ഷ്യപ്പെടുത്തുന്നു. ഇതിനിടയിൽ മുള്ളുകൾ നിറഞ്ഞ ചെടികളും ഉള്ളതിനാൽ വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുന്നതും പതിവാണ്. കളിക്കിടെ പന്ത് ഇവിടേക്ക് തെറിച്ചുപോയാൽ എടുക്കാൻ ഭയമാണെന്ന് കുട്ടികൾ പറയുന്നു.
പ്രദേശത്തെ ടൂർണമെന്റുകൾക്കും കേരളോത്സവത്തിനുമൊക്കെ ഇവിടെയാണ് വേദി. പി.എസ്.സി പൊലീസ് ടെസ്റ്റുകൾക്ക് അടക്കം ഉപയോഗിക്കുന്ന ഗ്രൗണ്ട് ശോചനീയാവസ്ഥയിലാണ്.
ഒട്ടേറെ സൗകര്യങ്ങളും ഓപ്പൺ ജിം അടക്കമുള്ള പരിശീലന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടായിരുന്നെങ്കിലും കായികതാരങ്ങൾക്ക് ഇതെല്ലാം അന്യമാവുകയാണ്.
കായികതാരങ്ങൾ ദുർഗതിയിൽ
1 ഗ്രൗണ്ടിനുചുറ്റിനും വലിയതോതിൽ കാടുവളർന്നിരിക്കുന്നു
2 400 മീറ്റർ ട്രാക്ക് ലഭിക്കുന്ന വലിയ ഗ്രൗണ്ടാണിത്
3 ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് ഓപ്പൺ ജിമ്മുണ്ടെങ്കിലും കാടുകയറിക്കിടക്കുന്നു
4 ജില്ലാ പഞ്ചായത്ത് 5 ലക്ഷത്തിലധികം രൂപ അനുവദിച്ച് ഉപകരണങ്ങൾ നൽകിയെങ്കിലും പാതിയും നശിച്ചു
ഇൻഡോർ സ്റ്റേഡിയം
ബാഡ്മിന്റൺ പരിശീലനത്തിനായി ഇൻഡോർ സ്റ്റേഡിയമൊരുക്കിയെങ്കിലും പ്രാവുകൾ കാഷ്ടിച്ച് വൃത്തികെട്ട് കിടക്കുകയാണ്. കെട്ടിടവും പാതിനശിച്ചു. സ്പോർട്സ് ഉപകരണങ്ങൾ ശൗചാലയത്തിൽ കൂട്ടിയിട്ടിരിക്കുന്നു.
സ്റ്റേഡിയം സ്ഥിരമായി ഉപയോഗിക്കുന്നവരിൽനിന്ന് മാസവരിയായി 100 രൂപ ഈടാക്കുന്നുണ്ടെങ്കിലും കാട് വെട്ടിത്തെളിക്കുവാനോ ഗ്രൗണ്ടിന്റെയും ഓപ്പൺ ജിമ്മിന്റെയും സൗകര്യങ്ങൾ ലഭ്യമാക്കാനോ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ല.
ഗ്രൗണ്ട് അറ്റകുറ്റപ്പണിക്കായി 15ലക്ഷംരൂപ അനുവദിച്ചിട്ടുണ്ട്. ഈവർഷം 5ലക്ഷം രൂപയും അടുത്തവർഷം 10ലക്ഷംരൂപയും നൽകും. ഓപ്പൺജിം അറ്റകുറ്റപ്പണിക്കായി പഞ്ചായത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
എൽദോടോം പോൾ,
ജില്ലാ പഞ്ചായത്ത് മെമ്പർ
സർക്കാർ അധീനതയിലുള്ള ഗ്രൗണ്ട് ശോചനീയാവസ്ഥയിലാണ്. കെട്ടിടങ്ങളും നശിച്ചു. സ്റ്റേഡിയം സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് ജില്ലാ പഞ്ചായത്തിനും പ്രസിഡന്റിനും ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും സ്കൂൾ പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുണ്ട്.
ജോമോൻ ജോയ്
യൂത്ത് കോൺഗ്രസ് മുൻ
നിയോജകമണ്ഡലം പ്രസിഡന്റ്