
കൊച്ചി: ജില്ലയിൽ ഒരിടവേളയ്ക്ക് ശേഷം മഞ്ഞപ്പിത്തം പടരുന്നു. ഇതോടെ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി ആരോഗ്യ വകുപ്പ്.
ഈ വർഷം ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) എന്നു സംശയിച്ച 722 കേസുകളിൽ 563 ഉം സ്ഥിരീകരിച്ചു. 8 പേർ മരിച്ചു. ഈ മാസം 12 മുതൽ 18 വരെ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ശ്രീമൂലനഗരം, മലയാറ്റൂർ, പായിപ്ര, കിഴക്കമ്പലം, മട്ടാഞ്ചേരി, നെല്ലിക്കുഴി, കോതമംഗലം, നെടുമ്പാശേരി, കളമശേരി, വേങ്ങൂർ, ആവോലി എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ. രോഗബാധിത മേഖലകളിൽ മലിനജലത്തിന്റെ ഉപയോഗം കൂടുതലായിരുന്നെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
മലിനജലം
മുഖ്യ വില്ലൻ
പുറമേ നിന്ന് പാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
മലിനജല ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള പാനീയങ്ങളുടെ ഉപയോഗം, ശുദ്ധമല്ലാത്ത വെള്ളത്തിൽ നിർമ്മിക്കുന്ന ഐസ്, ശുചിത്വമില്ലായ്മ എന്നിവയാണ് പ്രധാന കാരണങ്ങൾ.
ഹെപ്പറ്റൈറ്റിസ്-എ, ഇ വൈറസ് ബാധ മലിനമായതോ അല്ലെങ്കിൽ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ വെള്ളം, മലിനമായ ആഹാരം, രോഗിയുമായുള്ള സമ്പർക്കം എന്നിവ വഴി പകരും.
രോഗബാധിതനായ ഒരാൾ കുടുംബാംഗങ്ങൾക്ക് ഭക്ഷണം തയ്യാറാക്കുമ്പോഴും ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും സമ്പർക്കം പുലർത്തുമ്പോഴും രോഗം പകരാൻ സാദ്ധ്യതയുണ്ട്.
ഹെപ്പറ്റൈറ്റിസ് (എ) ലക്ഷണങ്ങൾ
ശരീരവേദനയോടുകൂടിയ പനി
തലവേദന
ക്ഷീണം
ഓക്കാനം
ഛർദ്ദി
അടുത്തഘട്ടത്തിൽ മൂത്രത്തിലും കണ്ണിനും ശരീരത്തിലും മഞ്ഞ നിറം
 കരൾ തകർക്കും
ശരീരത്തിൽ വൈറസ് പ്രവർത്തിക്കുന്നത് മൂലം കരളിലെ കോശങ്ങൾ നശിക്കുകയും കരളിന്റെ പ്രവർത്തനം തകരാറിലാവുകയും ചെയ്യും.
പ്രതിരോധത്തിന്
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
കുടിവെള്ളസ്രോതസുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ക്ലോറിനേഷൻ നടത്തുക.
പഴവർഗങ്ങളും പച്ചക്കറിയും കഴുകി ഉപയോഗിക്കുക.
ആഹാര സാധനങ്ങളും കുടിവെള്ളവും അടച്ചു സൂക്ഷിക്കുക.
തുറസായ സ്ഥലത്ത് മലമൂത്ര വിസർജ്ജനമരുത്
രോഗികൾ ഉപയോഗിക്കുന്ന പാത്രങ്ങളും ആഹാരവും പങ്കുവയ്ക്കരുത്.
രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ചികിത്സ തേടുക.
കഴിഞ്ഞ 7 ദിവസത്തെ മഞ്ഞപ്പിത്തബാധ
12---2
13---4
14---4
15---1
16---1
17---1
18---4
ആകെ - 17