sndp
എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെയും എക്സൈസ് വകുപ്പിന്റെയും സഹകരണത്തോടെ കേരളകൗമുദി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസ് മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഒഫ് എഡ്യൂക്കേഷൻ ഓഡിറ്റോറിയത്തിൽ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: മദ്യവും മയക്കുമരുന്നും വ്യാപകമായ ഇന്നത്തെ ലോകത്തിൽ അവ ഉപയോഗിക്കാതിരിക്കാൻ നിശ്ചയദാർഢ്യം പ്രദാനം ചെയ്യുന്ന വിദ്യാഭ്യാസ രീതി ആവിഷ്കരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മദ്യ- മയക്കുമരുന്ന് മാഫിയകൾ വിദ്യാർത്ഥികളെ കെണിയിലാക്കാൻ തക്കം പാർത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ യൂണിയന്റെയും എക്സൈസ് വകുപ്പിന്റെയും സഹകരണത്തോടെ കേരളകൗമുദി മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഒഫ് എഡ്യൂക്കേഷൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സനിൽ ബോധവത്കരണ ക്ലാസ് നയിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. കേരളകൗമുദി സർക്കുലേഷൻ മാനേജർ വി. പുഷ്കരൻ ആമുഖ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ.പ്രഭ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. എൻ. രമേശ്, പ്രമോദ് കെ. തമ്പാൻ, വാർഡ് കൗൺസിലർ ജിനു ആന്റണി, എസ്.എൻ. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. പി.ജെ. ജേക്കബ്, എസ്.എൻ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ടി.ജി.ബിജി,​ പി.ടി.എ വൈസ് പ്രസിഡന്റ് നസീമ സുനിൽ, കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർ അജിത് കുമാർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.ആർ. സുമ നന്ദി പറഞ്ഞു.

'മയക്കുമരുന്നിനെ ചെറുക്കാൻ

ബോധവത്കരണം വേണം"

വർത്തമാനകാലത്തെ കലാലയ അന്തരീക്ഷം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ക്രമാതീത ഉപയോഗത്താൽ കലുഷിതമാണെന്ന് മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സനിൽ പറഞ്ഞു. ബോധവത്കരണ ക്ളാസ് നയിക്കുകയായിരുന്നു അദ്ദേഹം.

ഈ വിപത്തിനെ ചെറുത്തുതോല്പിക്കാൻ യുവ മനസുകളിൽ ലഹരിഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെകുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ കലാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തണം. രക്ഷാകർത്താക്കളിലും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അപകട വശങ്ങളെക്കുറിച്ച് നല്ല ധാരണ ഉണ്ടാക്കുകയും ചെയ്യണം. അതുവഴി രക്ഷക‌ത്താക്കൾക്ക് കുട്ടികളുടെ ജീവിത രീതി മനസിലാക്കാനും അവരെ ഒരു പരിധിവരെ അതിൽ നിന്ന് വഴി തിരിച്ചുവിടാൻ കഴിയുമെന്നും സനിൽ പറഞ്ഞു.