rajagiri-

ആലുവ: ഒരു നാടിന്റെ മുഴുവൻ സഹായവും പ്രാർത്ഥനയുമായി അലൻ പുതിയ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ഒപ്പം അമ്മ റീനയും. കരൾ രോഗം ബാധിച്ച് ചികിത്സ തേടിയ മുണ്ടക്കയം ചിറ്റടി സ്വദേശിയായ ഷൈന്റെ മകൻ അലൻ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആലുവ രാജഗിരി ആശുപത്ര വിജയകരമായി പൂർത്തിയാക്കി. മുണ്ടക്കയം ചിറ്റടി ഗ്രാമവും വെളിച്ചിയാനി ഇടവകയും, അലൻ പഠിക്കുന്ന എടക്കുന്നം ഗവൺമെന്റ് സ്‌കൂളും റീന ജോലി ചെയ്തിരുന്ന മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റിയുമാണ് സാമ്പത്തീക പിന്തുണയുമായി കൂടെ നിന്നത്.
മഞ്ഞപ്പിത്തം മൂർച്ഛിച്ച് അബോധാവസ്ഥയിലാണ് മകനെയും കൊണ്ട് ഷൈൻ ആലുവ രാജഗിരി ആശുപത്രിയിലെത്തുന്നത്. ട്രാൻസ്പ്ലാന്റ് സർജൻ ഡോ. ബിജു ചന്ദ്രൻ, കരൾ രോഗ വിദഗ്ദ്ധരായ ഡോ. ജോൺ മേനാച്ചേരി, ഡോ. സിറിയക് എബി ഫിലിപ്‌സ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ അക്യൂട്ട് ലിവർ ഫെയിലിയർ ആണെന്ന് കണ്ടെത്തി. കരൾ മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന സമയത്താണ് അമ്മ റീനയുടെ കരൾ അലന് അനുയോജ്യമെന്ന ആശ്വാസ വാർത്തയെത്തിയത്. അടിയന്തരമായി കരൾ മാറ്റി വെക്കുന്നതിന് വേണ്ട തുടർ ക്രമീകരണങ്ങൾക്ക് ഡോ. ബിജു ചന്ദ്രൻ നേതൃത്വം നൽകി. അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു പ്രധാന വെല്ലുവിളി. ട്രാൻസ്പ്ലാന്റ് കോർഡിനേറ്റിംഗ് വിഭാഗം അത് ഏകോപിപ്പിച്ചു. രാജഗിരി അവയവമാറ്റ കമ്മിറ്റി ചേർന്ന് ദാതാവിനും സ്വീകർത്താവിനും ശസ്ത്രക്രിയ അനുമതി നൽകി. പിന്നാലെ എല്ലാ നിയമനടപടികളും പൂർത്തിയാക്കി 24 മണിക്കൂറിനുളളിൽ ശസ്ത്രക്രിയ ആരംഭിച്ചു. ഡോ. ബിജു ചന്ദ്രന്റെ നേതൃത്വത്തിൽ ഡോ. ജോസഫ് ജോർജ്, ഡോ. ഗസ്‌നഫർ ഹുസൈൻ, ക്രിട്ടിക്കൽ കെയർ സ്‌പെഷ്യലിസ്റ്റ് ഡോ. മീനാക്ഷി വിജയകുമാർ, അനസ്‌ത്രേഷ്യ വിഭാഗത്തിലെ ഡോ.വിനീത് സി വി, ഡോ. വി. അമൽദേവ്, ഡോ. റോബിൻ എന്നിവർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. പൂജ അവധി ദിനമായിരുന്നെങ്കിലും ഓപ്പറേഷൻ തീയറ്ററിലെ നഴ്‌സുമാരും ടെക്‌നീഷ്യന്മാരും ഡ്യൂട്ടിക്കെത്തി.
സാഹചര്യം മനസ്സിലാക്കി പ്രവർത്തിച്ച ഒരുപിടി നല്ല മനുഷ്യരുടെ കൂട്ടായ്മയുടെ വിജയമാണിതെന്ന് ഡോ. ബിജു ചന്ദ്രൻ പറഞ്ഞു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ അലനും, അമ്മ റീനയും സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്.