
കൊച്ചി: മന്ത്രി സജി ചെറിയാന്റെ വിവാദപ്രസംഗത്തിൽ തുടരന്വേഷണത്തിന് നിർദ്ദേശിച്ച ഉത്തരവിൽ ഭരണഘടനാശില്പിയെ ഉദ്ധരിച്ച് ഹൈക്കോടതി.
''ഇന്ത്യൻ ഭരണഘടന കേവലം നിയമജ്ഞർക്കുള്ള രേഖയല്ല, ജീവന്റെ വാഹനവും കാലത്തിന്റെ ആത്മാവുമാണ്.." എന്നു തുടങ്ങുന്ന അംബേദ്കർ വചനങ്ങളാണ് ഉത്തരവിൽ ഉൾപ്പെടുത്തിയത്.
ഭരണഘടന പാലിക്കാൻ ബാദ്ധ്യസ്ഥരായ എല്ലാ പൗരന്മാരിലും ഈ വചനങ്ങൾ മുഴങ്ങണം. മന്ത്രിയുടെ പ്രസംഗ വിവാദ കേസിൽ ഇതിന് പ്രത്യേക പ്രസക്തിയുണ്ടെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
ഭരണഘടനയെയും ദേശീയപതാകയെയും അവഹേളിക്കുന്നത് മൂന്നു വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ ഭരണഘടന വിമർശനത്തിന് അതീതമല്ലെന്ന് കോടതി പറഞ്ഞു. വ്യവസ്ഥകളിൽ ഭേഗദഗതിയോ മാറ്റങ്ങളോ ലക്ഷ്യമിട്ടുള്ള ക്രിയാത്മക വിമർശനങ്ങൾ കുറ്റമല്ലെന്ന് നിയമത്തിൽ പറയുന്നുണ്ട്. മന്ത്രിയുടെ യോഗം ഇത്തരം ലക്ഷ്യത്തോടെയായിരുന്നില്ല. പരാമർശങ്ങൾ സാന്ദർഭികമാണെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. സന്ദർഭവും സാഹചര്യവും വിലയിരുത്തുന്നതിന് വീഡിയോ, ഓഡിയോ ക്ലിപ്പുകളും അതിന്റെ ഫോറൻസിക് റിപ്പോർട്ടും പരിശോധിക്കണമായിരുന്നു. ഇതൊന്നുമില്ലാതെ പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തൃപ്തികരമല്ല. അന്വേഷണ ഉദ്യോഗസ്ഥൻ അനാവശ്യ തിടുക്കം കാട്ടി.
ഇത്തരം കേസുകളിൽ സി.സി ടി.വി ഫുട്ടേജ് ഹാജരാക്കാത്തത് ശക്തമായ തെളിവ് തടയുന്നതിന് തുല്യമാണെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ ഇല്ലാതെയും അത് വിളിച്ചുവരുത്താതെയും മജിസ്ട്രേട്ട് കോടതി വിധി പറഞ്ഞതും അനുചിതമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സജി ചെറിയാൻ കേസിന്റെ നാൾവഴി
2022 ജൂലായ് 3: വിവാദ പ്രസംഗം.
2022 ജൂലായ് 5: അഡ്വ. ബൈജു നോയൽ പത്തനംതിട്ട എസ്.പിക്ക് പരാതിനൽകുന്നു.
2022 ജൂലായ് 6: മന്ത്രിയുടെ രാജി,
പരാതിയിൽ നടപടിയുണ്ടാകാത്തതിൽ ബൈജു നോയൽ അന്നു തന്നെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുന്നു.
2022 ജൂലായ് 7: കോടതി ഉത്തരവ് പ്രകാരം പൊലീസ് കേസെടുത്തു
2022 ഡിസംബർ 5: പൊലീസിന്റെ ക്ലീൻ ചിറ്റ് റിപ്പോർട്ട് മജിസ്ട്രേട്ട് കോടതിയിൽ.
2023 ഫെബ്രുവരി 3: പൊലീസ് റിപ്പോർട്ട് തൃപ്തികരമല്ലെന്നും തുടരന്വേഷണം വേണമെന്നും ബൈജു നോയലിന്റെ ഹർജി മജിസ്ട്രേറ്റ് കോടതിയിൽ.
2023 മേയ് 15: തുടരന്വേഷണ ആവശ്യം കോടതി തള്ളി
2024 സെപ്തം. 23: ബൈജു നോയൽ ഹൈക്കോടതിയിൽ ക്രിമിനൽ റിട്ട് നൽകുന്നു.
2024 നവംബർ 21: ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണത്തിന് ഉത്തരവ്.