ph
അടച്ചു പൂട്ടിയ മുണ്ടങ്ങാമറ്റം പനമ്പ് നെയ്ത്ത് കേന്ദ്രം

കാലടി: മാസങ്ങളായി തൊഴിൽ ഇല്ലാതായതോടെ ഈറ്റ - പനമ്പ് നെയ്ത്ത് തൊഴിലാളികളുടെ ജീവിതം അതീവ ദുരിതത്തിൽ. വരുമാനമില്ലാതെ തൊഴിലാളികൾ പട്ടിണിയായിട്ട് മാസങ്ങൾ പിന്നിടുകയാണ്. സ്വകാര്യ വ്യക്തികളുടെ ചൂഷണത്തിൽ നിന്ന് പനമ്പു നെയ്ത്ത് തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി രൂപീകരിച്ച പൊതുമേഖല സ്ഥാപനമായ ബാംബൂ കോർപ്പറേഷൻ അടച്ചുപൂ‌ട്ടൽ ഭീഷണി നേരിടുന്നതാണ് തൊഴിലാളികളുടെ ദുരിതത്തിന് പ്രധാന കാരണം.

ബാംബൂ കോർപ്പറേഷൻ യഥാസമയം തൊഴിലാളികൾക്ക് ഈറ്റ വിതരണം നടത്തുന്നില്ല. ഏതെങ്കിലും സമയത്ത് കിട്ടുന്ന ഈറ്റ കൊണ്ട് പനമ്പ് നെയ്താൽ തൊഴിലാളികൾക്ക് കൂലിയും കൃത്യമായി നൽകുന്നില്ല. ബാംബൂ കോർപ്പറേഷൻ ഡിപ്പോ തൊഴിലാളികൾ,ബാംബൂ ബോർഡ് ഫാക്ടറി തൊഴിലാളികൾ എന്നിവരുടെ ശമ്പളം 12 മാസമായി കുടിശികയാണ്.

നിർദ്ധനരായ 6000 നെയ്ത്ത് തൊഴിലാളികളും 200 ഈറ്റ വെട്ട് തൊഴിലാളികളും ഈറ്റ-കാട്ടുവള്ളി- തഴ തൊഴിൽ ചെയ്യുന്ന പതിനായിരത്തോളം തൊഴിലാളികളുമാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്.

സർക്കാർ സഹായമില്ല,​ എം.ഡി കസേരയിൽ ആളുമില്ല

ഓരോ വർഷവും സർക്കാർ നൽകുന്ന സഹായത്തെയും വ്യവസായ വകുപ്പ് നൽകുന്ന വായ്പയെയും ആശ്രയിച്ചായിരുന്നു ബാംബൂ കോർപ്പറേഷൻ മുന്നോട്ട് പോയിരുന്നത്. എന്നാൽ സർക്കാർ സഹായം പഴയതു പോലെ ഇപ്പോൾ ലഭിക്കുന്നില്ല.

കോർപ്പറേഷന്റെ പ്രവർത്തനത്തെ നിയന്ത്രിക്കേണ്ട മാനേജിംഗ് ഡയറക്ടറുടെ സ്ഥാനത്ത് നിലവിൽ ആരുമില്ലാത്ത അവസ്ഥ. ലക്ഷക്കണക്കിന് രൂപയുടെ പനമ്പ് നെയ്ത്ത് കേന്ദ്രങ്ങളിൽ കെട്ടിക്കിടന്ന് നശിക്കുന്നു. പല കേന്ദ്രങ്ങളും അടച്ചുപൂട്ടി.

നിരവധി പനമ്പ് നെയ്ത്ത് കേന്ദ്രങ്ങൾ അടച്ചുപൂട്ടി. ഇതോടെ ഉപജീവനമാർഗം അടഞ്ഞു. കുടുംബം പട്ടിണിയിലായതോടെ ഭിന്നശേഷിക്കാരനായ ഞാനിപ്പോൾ തൊഴിലുറപ്പ് ജോലിക്ക് പോകുകയാണ്.

ഐ.വി.ശശി

പനമ്പ് നെയ്ത്ത് തൊഴിലാളി

സർക്കാർ കണ്ണ് തുറക്കുന്നില്ല. ബാംബൂ കോർപ്പറേഷനെയും തൊഴിലാളികളെയും സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം.

കെ. എ. ചാക്കോച്ചൻ

മുൻ ചെയർമാൻ

ബാംബൂ കോർപ്പറേഷൻ

തൊഴിലാളികളുടെ ജീവിതം അതിദുരിതത്തിലാണ്. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. പട്ടിണി സമരം, അടപ്പുപൂട്ടി സമരം എന്നിവ നടത്തും.

കെ.കെ. വത്സൻ

തൊഴിലാളി നേതാവ്