ആലുവ: ആലുവ നഗരത്തിൽ അലക്ഷ്യമായി കേബിളുകൾ വലിച്ചിരിക്കുന്നത് വലിയ അപകട കെണിയായിട്ടും നടപടിയെടുക്കാതെ നഗരസഭ. സെന്റ് സേവ്യേഴ്സ് കോളേജ് മുതൽ ബൈപ്പാസ് വരെയുള്ള ഭാഗത്ത് പലയിടങ്ങളിൽ കേബിളുകൾ യാത്രക്കാർക്ക് അപകടകരമായ രീതിയിലാണ് കിടക്കുന്നത്. പലയിടത്തും കേബിളുകൾ വളരെ താഴ്ന്ന് കിടക്കുന്ന നിലയിലും പൊട്ടിയ നിലയിലുമാണ്. കഴിഞ്ഞ ദിവസം അദ്വൈതാശ്രമത്തിനെതിരെയുള്ള ബാങ്കിലെ ഉദ്യോഗസ്ഥൻ കേബിൾ കഴുത്തിൽ കുരുങ്ങിയെങ്കിലും ഭാഗ്യത്തിന് രക്ഷപ്പെട്ടത്. കേബിളുകൾ സ്ഥാപിക്കുന്നതിന് വ്യക്തമായ മാർഗ നിർദ്ദേശങ്ങളുണ്ടെങ്കിലും അത് കമ്പനികൾ പാലിക്കുന്നുണ്ടോയെന്ന് നഗരസഭാ ഉറപ്പു വരുത്താത്തതാണ് ഈ അവസ്ഥക്ക് പ്രധാന കാരണം. മാത്രമല്ല അലക്ഷ്യമായി കേബിളുകൾ സ്ഥാപിക്കുന്ന കമ്പനികൾക്കെതിരെ നടപടിയും എടുക്കുന്നില്ല. ഇത്തരത്തിൽ കേബിളുകൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന കമ്പനികൾക്കെതിരെ നഗരസഭാ നടപടിയെടുക്കണമെന്ന് ബി.ജെ.പി മുനിസിപ്പൽ പ്രസിഡന്റ് ആർ. പത്മകുമാർ, ജനറൽ സെക്രട്ടറി എൻ.വി. രത്നകുമാർ, കൗൺസിലർ എൻ. ശ്രീകാന്ത് എന്നിവർ ആവശ്യപ്പെട്ടു.