അങ്കമാലി: പുതുതായി പണികഴിപ്പിച്ച മഹാകവി ജി റോഡിൽ (ചമ്മല റോഡ്) അസാന്മാർഗിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘം തമ്പടിച്ചതോടെ യാത്രക്കാർ ഭീതിയിൽ. തെരുവ് വിളക്ക് ഇല്ലാതെ ഇരുട്ടുമൂടിയ റോഡായി മാറിയതോടെ രാത്രിയിൽ സ്ത്രീകളും കുട്ടികളും ഭയത്തോടെയാണ് ഈ വഴി കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം ഈ റോഡിൽ നിന്ന് മാരകമായ രാസലഹരി (എം.ഡി.എം.എ) പിടി കൂടിയിരുന്നു. റോഡിന്റെ അരികിൽ റിഫ്ലക്ടർ വെച്ച ദിശാസൂചക ബോർഡുകളും സംരക്ഷണ ഭിത്തികളും ഇല്ലാത്തത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതായും പരാതിയുണ്ട്. റോഡിന്റെ വശങ്ങളിൽ ചാക്കിൽ കെട്ടി മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്നു തള്ളുന്നതും പതിവാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിരവധി പരാതികൾ നഗരസഭാധികൃതർക്ക് നൽകിയെങ്കിലും പരിഹാരം ഉണ്ടാകുന്നില്ല.
ചമ്മല റോഡിലൂടെയുള്ള യാത്ര സുരക്ഷിതമാക്കാനും വേണ്ട സത്വര നടപടികൾ നഗരസഭ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സി.പി.എം നായത്തോട് സ്കൂൾ ജംഗ്ഷൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രദേശവാസികളെ പങ്കെടുപ്പിച്ച് ചമ്മല റോഡിന്റെ ആരംഭ ഭാഗത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. നഗരസഭ പ്രതിപക്ഷനേതാവ് ടി.വൈ. ഏല്യാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി എം.എൻ. വിശ്വനാഥൻ അദ്ധ്യക്ഷനായി. മുൻ നഗരസഭ ചെയർമാൻ കെ. കുട്ടപ്പൻ, ജിജോ ഗർവാസീസ്, രാഹുൽ രാമചന്ദ്രൻ, നവയുഗ കലാസമിതി പ്രസിഡന്റ് രഥീഷ് കുമാർ കെ. മാണിക്യമംഗലം തുടങ്ങിയവർ സംസാരിച്ചു.