
കൊച്ചി: എറണാകുളം ജില്ലാ നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം മാനേജർ ഡോ. ശിവപ്രസാദിനെതിരായ ആരോപണങ്ങളിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ എറണാകുളം ഘടകം നടത്തുന്ന നിസഹകരണ സമരം രണ്ടാഴ്ച പിന്നിടുന്നു. വനിതാ ഡോക്ടർമാർ നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭവുമായി രംഗത്തുവരുമെന്ന് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി. മാനദണ്ഡങ്ങൾക്കനുസരിച്ചല്ലാതെയുള്ള വി.ഐ.പി ഡ്യൂട്ടികൾ ബഹിഷ്‌കരിക്കുമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമുണ്ട്. കഴിഞ്ഞ ദിവസം നടന്ന ജില്ലാതല മെഡിക്കൽ ഓഫീസർമാരുടെ അവലോകനയോഗത്തിൽ ഇതിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയാണ് ഡോ. ശിവപ്രസാദ് നടത്തിയത്. കെ.ജി.എം.ഒ.എ അംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡോ. ശിവപ്രസാദ് നേരിട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകിയത് ചട്ടവിരുദ്ധമാണെന്നും ആരോപിച്ചു.