panthal

പെരുമ്പാവൂർ: 35-ാമത് എറണാകുളം റവന്യൂജില്ലാ സ്‌കൂൾ കലോത്സവത്തിന് തിരിതെളിയാൻ ഇനി മൂന്ന് നാൾ. 25ന് കുറുപ്പംപടി എം.ജി.എം ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

14 സബ് ജില്ലകളിൽ നിന്നായി കുറുപ്പംപടിയിലെ 15 വേദികളിലായി നടക്കുന്ന 351 ഇന മത്സരങ്ങളിൽ 12,000 കൗമാര കലാകാരന്മാർ മാറ്റുരയ്ക്കും. കലോത്സവത്തിന് ഇത്തവണ ആദ്യമായി അഞ്ച് ഗോത്രകലാ മത്സരം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങൾ നടക്കുന്ന 15 വേദികൾക്കും പെരുമ്പാവൂർ മേഖലയിലെ മൺമറഞ്ഞുപോയ കലാ- സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖരുടെ പേരുകളാണ് നൽകിയിരിക്കുന്നത്. എം.ജി.എം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാന വേദിയുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. പ്രമുഖ സാഹിത്യകാരനും പ്രഭാഷകനും എം.ജി.എം സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ഡോ.ഡി. ബാബുപോളിന്റെ പേരാണ് ഓഡിറ്റോറിയത്തിന് നൽകിയിരിക്കുന്നത്. കലോത്സവത്തിന് മുന്നോടിയായി ഇന്ന് ഉച്ചക്ക് 2.30ന് കുറുപ്പംപടിയിൽ വിളംബര ജാഥ നടക്കും. എം.ജി.എം സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന മെഗാ ഫ്‌ളാഷ് മോബും അരങ്ങേറും.

ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി. രാജീവ് ജില്ലയിൽ നിന്നുള്ള എം.പി.മാർ എം.എൽ.എ.മാർ, കലാ സാഹിത്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. 29 വൈകിട്ട് അഞ്ചിനാണ് സമാപന സമ്മേളനം. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വർക്കിംഗ് ചെയർമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി.ജി. അലക്‌സാണ്ടർ, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.