കുറുപ്പംപടി: സമ്പൂർണ വിളർച്ചരഹിത ബ്ലോക്ക് പഞ്ചായത്താകാനൊരുങ്ങി കൂവപ്പടി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കൗമാരക്കാരായ 3000 പെൺകുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ആരോഗ്യ കേന്ദ്രങ്ങൾ, സബ് സെന്ററുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽ പദ്ധതിയുടെ ഭാഗമായി പരിശോധനകൾ സംഘടിപ്പിക്കും. പെൺകുട്ടികളിലെ അനീമിയ വിളർച്ച കണ്ടെത്തി ആവശ്യമായ ചികിത്സയും മരുന്നും നല്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, കുടുംബശ്രീ, വിദ്യാലയങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പദ്ധതിയുമായി സഹകരിക്കും. ചികിത്സ, തുടർ പ്രവർത്തനങ്ങൾ, നിരീക്ഷണം എന്നീ പ്രക്രിയകൾ പദ്ധതിയുടെ ഭാഗമായിട്ടുണ്ടാകും. രണ്ട് ഘട്ടങ്ങളിലായാണ് പരിശോധന. ആദ്യഘട്ട പരിശോധനക്ക് ശേഷം മരുന്ന് നൽകും. തുടർന്ന് 3 മാസങ്ങൾക്ക് ശേഷം വീണ്ടും പരിശോധന നടത്തും. ഇതിന്റെ ഭാഗമായി പ്രചരണവും സ്ക്വാഡ് പ്രവർത്തനവും വാർഡ് തലങ്ങളിൽ സംഘടിപ്പിക്കും.

പദ്ധതിക്ക് തുടക്കമിട്ട് വേങ്ങൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.ടി അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അംബിക മുരളീധരൻ അദ്ധ്യക്ഷയായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ഡെയ്സി ജെയിംസ്, പി.ആർ. നാരായണൻ നായർ, ലതഞ്‌ജലി മുരുകൻ, വേങ്ങൂർ പഞ്ചായത്ത്‌ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീബ ചാക്കപ്പൻ, പഞ്ചായത്ത്‌ അംഗം പി.വി. പീറ്റർ, ആൻസി ജോബി, മെഡിക്കൽ ഓഫീസർ വിവേക് ജെസ്, ഡോ. ഈപ്പൻ ജോർജ് എന്നിവർ സംസാരിച്ചു.