
തോപ്പുംപടി: 13 ചെറുപ്പക്കാർ ഡോ.ടി.കെ. പിള്ളയുടെ അദ്ധ്യക്ഷതയിൽ തുടങ്ങിയ ടാഗോർ വായനശാലയ്ക്ക് 80-ാം പിറന്നാൾ. 1944 നവംബർ 26ന് മുതലിയാർഭാഗം യുവജനസമിതിയുടെ ആഭിമുഖ്യത്തിലാണ് കരുവേലിപ്പടിയിൽ വായനശാലയ്ക്ക് തുടക്കമായത്. വാർഷികാഘോഷ പരിപാടികൾ 24ന് രാവിലെ 10ന് ലൈബ്രറി ഹാളിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ മുഖ്യാതിഥി ആയിരിക്കും. കൗൺസിലർ ബാസ്റ്റിൻ ബാബു, ലൈബ്രറി കൗൺസിൽ ജില്ലാ, താലൂക്ക് ഭാരവാഹികൾ പങ്കെടുക്കും.
കരുവേലിപ്പടി ജാനകി പ്രിന്റിംഗ് പ്രസ് സ്ഥാപകൻ പരേതനായ കെ.കെ. പരമേശ്വരൻ പിള്ള സൗജന്യമായി നൽകിയ പീടികമുറിയിലായിരുന്നു ലൈബ്രറിയുടെ തുടക്കം. പിന്നീട്, അന്നത്തെ മട്ടാഞ്ചേരി മുനിസിപ്പാലിറ്റി വായനശാലയ്ക്ക് കെട്ടിടം നിർമ്മിക്കാൻ കരുവേലിപ്പടി മഹാരാജാസ് ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്ത് പുറമ്പോക്ക് സ്ഥലം അനുവദിച്ച് നൽകി. 1950ൽ പൂർത്തിയാക്കിയ കെട്ടിടത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ മഹാകവി. ജി. ശങ്കരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. 1984ൽ കേരള ഗ്രന്ഥശാലാസംഘം കൊച്ചി താലൂക്കിലെ ആദ്യ റഫറൻസ് ലൈബ്രറിയായി അംഗീകരിച്ചു. കെ.ജെ. മാക്സി എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് 2020ൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
24000 ലധികം പുസ്തകങ്ങളും 35 ഓളം ആനുകാലിക പ്രസിദ്ധീകരണങ്ങളുമുണ്ട്. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസലിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ലൈബ്രറി 1970 മുതൽ എ ക്ലാസ് കാറ്റഗറിയിലാണ്. അരനൂറ്റാണ്ടോളം തുടർച്ചയായി പ്രസിഡന്റായിരുന്ന വി.യു. ചന്ദ്രശേഖരൻ പിള്ള സംഭാവന നൽകിയതാണ് ലൈബ്രറിയുടെ മുന്നിൽ സ്ഥാപിച്ചിരിക്കുന്ന വെങ്കലത്തിൽ തീർത്ത രവീന്ദ്രനാഥ് ടാഗോറിന്റെ അർദ്ധകായ പ്രതിമ. എം.ആർ. ശശി (പ്രസിഡന്റ്), സി.എസ്. ജോസഫ് (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള 15അംഗ ഭരണസമിതിയാണ് ഇപ്പോൾ ലൈബ്രറിയെ നയിക്കുന്നത്.