 
പള്ളുരുത്തി: വൃശ്ചിക വേലിയേറ്റത്തിൽ നട്ടംതിരിയുകയാണ് കായലോര ജനത. പെരുമ്പടപ്പ്, കോണം, ചിറക്കൽ, കുതിരക്കൂർ കരി, ഇടക്കൊച്ചി, കുമ്പളങ്ങി ഭാഗങ്ങളിലാണ് വേലിയേറ്റദുരിതം ശക്തം. കായൽതീരത്തുനിന്ന് വളരെ ദൂരത്തേക്കുവരെ വെള്ളം ഇരച്ചുകയറുകയാണ്. ഇവിടങ്ങളിലെ ഇടറോഡുകളിലേക്കും വീടുകളിലേക്കും കോമ്പൗണ്ടുകളിലേക്കും വെള്ളം കയറുന്നു. കായലുമായി ബന്ധപ്പെട്ടുകിടക്കുന്ന കാനകൾ വഴിയാണ് വെള്ളം ദൂരപ്രദേശങ്ങളിലേക്ക് എത്തുന്നത്. കാനകളിലും കൈത്തോടുകളിലും കെട്ടിക്കിടക്കുന്ന മാലിന്യങ്ങളും മറ്റും വെള്ളപ്പൊക്കത്തിനൊപ്പം വീട്ടുമുറ്റത്തേക്കും കയറുകയാണ്.
എക്കലും ചെളിയും അടിഞ്ഞുകൂടി ആഴംകുറഞ്ഞതോടെ വേലിയേറ്റസമയത്ത് കായലിന് പൂർണതോതിൽ വെള്ളം ഉൾക്കൊള്ളാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. എക്കൽ നീക്കംചെയ്ത് കായലിലെ നീരൊഴുക്ക് സുഗമമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ. റോഷൻകുമാർ പറഞ്ഞു.