chilavannoor

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിലവന്നൂർ കായലോരത്തെ സരോവരം പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. കൊച്ചി കോർപ്പറേഷന്റെ പദ്ധതിക്ക് കിഫ്ബി ബോർഡ് അനുമതി നൽകി. കഴിഞ്ഞ കൗൺസിലി​ന്റെ കാലത്ത് ആരംഭി​ച്ച പദ്ധതി​ തീരദേശ പരിപാലന നിയമം (സി.ആർ.ഇസെഡ്) ലംഘിച്ച് പുഴയിൽ നിർമ്മാണം നടത്തിയെന്ന പേരി​ൽ ഹൈക്കോടതി തടയുകയായിരുന്നു. മാറ്റം വരുത്തി മുന്നോട്ടുപോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

പിന്നീട് കനാലിന്റെ ഇരുവശങ്ങളിലുമായി രണ്ട് ഹെക്ടറോളം പുറമ്പോക്ക് ഭൂമിയുണ്ടെന്ന് കണ്ടെത്തുകയും ഇത് അളന്ന് തിട്ടപ്പെടുത്തി കെ.എം.ആർ.എൽ വിശദമായ റിപ്പോർട്ട് കിഫ്ബിക്ക് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പദ്ധതിക്ക്‌ അനുമതി നൽകിയത്. ഉടൻ തന്നെ ടെൻഡർ നടപടികൾ ആരംഭിച്ച് പദ്ധതി തുടങ്ങാനാണ് ലക്ഷ്യം.

സുഭാഷ് ചന്ദ്രബോസ് റോഡ് മുതൽ ബണ്ട് റോഡ് വരെ കായൽ ഡ്രഡ്ജ് ചെയ്യാൻ കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി 8.41 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

അടിമുടി മാറും കായലോരം

കൊൽക്കത്തയിലെ പത്മസരോവരം മാതൃകയിലാണ് കൊച്ചിയിലും നിർമ്മാണം. സമീപത്തുള്ളവർ സ്ഥലം സൗജന്യമായി നൽകാനും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

• കായലോരത്ത് സൈക്കിൾ ട്രാക്ക്, വാക് വേ, തദ്ദേശീയ വൃക്ഷങ്ങൾ കൊണ്ടുള്ള ഉദ്യാനങ്ങൾ

• കോൺക്രീറ്റ് നിർമ്മിതികളോ വലിയ കെട്ടിടങ്ങളോ വാക് വേയിൽ ഉണ്ടാകില്ല.

• തീരദേശ പരിപാലന നിയമം പാലി​ച്ച് വാക് വേയും സൈക്കിൾ ട്രാക്കും നിർമ്മിക്കും.

• ആദ്യഘട്ടം

ടാങ്ക് ബണ്ട് റോഡ് മുതൽ ഡി.എൽ.എഫ് ഫ്ളാറ്റ് വരെയുള്ള കായലിന്റെ തീരം സൗന്ദര്യവത്ക്കരിക്കും. 12 കോടി ചെലവ് പ്രതീക്ഷിക്കുന്നു.

• രണ്ടാംഘട്ടം

എളംകുളം മെട്രോ സ്റ്റേഷൻ മുതൽ സുഭാഷ് ചന്ദ്രബോസ് റോഡിലെ ചെട്ടിച്ചിറ പാലം വരെ പുഴയുടെ ഒരു വശത്ത് പദ്ധതി നടപ്പിലാക്കും. ബിലായ് മേനോൻ ആണ് ഡിസൈൻ നിർവഹിച്ചത്. 15 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ചെലവ് 35.41 കോടി​

• ഒന്നാം ഘട്ടം : 12 കോടി
• രണ്ടാം ഘട്ടം : 15 കോടി

• ഡ്രഡ്ജിംഗ് : 8.41 കോടി​

നിരവധി തവണ കിഫ്ബിയെ സമീപിച്ചതിന്റെ ഫലമായാണ് ഇപ്പോൾ അനുമതി ലഭിച്ചത്. ചിലവന്നൂർ പുഴയുടെ ഒഴുക്ക് സുഗമമാവുന്നതോടെ നഗരവാസികൾക്ക് മറൈൻഡ്രൈവിനേക്കാൾ ഇഷ്ടപ്പെടുന്ന സ്ഥലമായി ചിലവന്നൂർ കായലോരം മാറും.

അഡ്വ.എം. അനിൽകുമാർ

മേയർ