
പള്ളുരുത്തി: വൃശ്ചിക വേലിയേറ്റം ശക്തമായി തുടരുന്നതോടൊപ്പം പള്ളുരുത്തി, കുമ്പളങ്ങി, ഇടക്കൊച്ചി തുടങ്ങിയ കായലോര മേഖലയിൽ പകർച്ചവ്യാധി ഭീഷണിയും. കൊച്ചി നഗരസഭ പരിധിയിലെ കുടിവെള്ള പൈപ്പുകൾ കാനകളിലൂടെയും തോടുകളിലൂടെയുമാണ് കടന്നു പോവുന്നത്. കായൽ വെള്ളം ശക്തമായി ഉയരുന്നതോടൊപ്പം മലിനജലം കുടിവെള്ള പൈപ്പിലേക്ക് കയറുന്നതാണ് ഭീഷണിയാകുന്നത്. കഴിഞ്ഞ ഒരാഴ്ചയിലധികമായി പൈപ്പിലൂടെ ലഭിക്കുന്ന വെള്ളത്തിന് രുചി വ്യത്യാസവും ദുർഗന്ധവും ഉണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കാനകളിലൂടെയും തോടുകളിലൂടെയും കടന്നു പോവുന്ന പൈപ്പുകളെല്ലാം കാലങ്ങൾക്ക് മുൻപ് സ്ഥാപിച്ചതാണ്. പശ്ചിമകൊച്ചിയിലെ പല കുടിവെള്ള പൈപ്പുകളും പൊട്ടിയ നിലയിലുമാണ്. ഇതാകാം കുടിവെള്ളത്തിൽ മലിനജലം കയറാനിടയാക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വേലിയേറ്റ വെള്ളം കുടിവെള്ള പൈപ്പിലൂടെ കയറുന്നതിനാലാണ് മലിനജലം കുടിക്കേണ്ടി വരുന്നത്. വാട്ടർ അതോറിറ്റി യഥാസമയം അറ്റകുറ്റപണികൾ നടത്തേണ്ടതുണ്ട്. കുടിവെള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ട് പോകും
കെ. ആർ. പ്രേമകുമാർ
നഗരസഭ മുൻ ഡപ്യൂട്ടി മേയർ
വേലിയേറ്റവും രൂക്ഷം
ഇതിനൊപ്പം കായൽ വെള്ളം മുൻ വർഷങ്ങളിലേക്കാൾ വലിയ തോതിലാണ് വേലിയേറ്റത്തിൽ കയറുന്നത്. തീരമേഖലയിലെ നൂറുകണക്കിന് വീടുകളുടെ പരിസരത്ത് കായൽ വെള്ളം കെട്ടിക്കിടക്കയാണ്. കായലിന്റെ അതിരിൽ കരിങ്കൽ ഭിത്തികൾ കെട്ടി ഉയർത്തി വേലിയേറ്റ ഭീഷണിക്ക് പരിഹാരമുണ്ടാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
എം.എൽ.എ യും ജില്ലാ കളക്ടറും വേലിയേറ്റ ദുരിതം നേരിടുന്ന പ്രദേശങ്ങൾ സന്ദർശിക്കണം. അല്ലാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ട് പോകും
എൻ.ഇ അലക്സാണ്ടർ
സാമൂഹ്യ പ്രവർത്തകൻ