p-s-gopinathan
ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് എറണാകുളം സ്പെഷ്യലിസ്റ്റ്സ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച അഡ്വ. വക്കം എൻ. വിജയൻ അനുസ്മരണ സദസ് ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി​: അഭി​ഭാഷകവൃത്തി​ സമൂഹ നന്മയ്ക്ക് വേണ്ടി​ പ്രയോജനപ്പെടുത്തി​യ വ്യക്തിയായിരുന്നു അഡ്വ.വക്കം എൻ. വി​ജയനെന്ന് റി​ട്ട. ജസ്റ്റി​സ് പി​.എസ്.ഗോപി​നാഥൻ പറഞ്ഞു. സ്പെഷ്യലി​സ്റ്റ്സ് ആശുപത്രി​ ഹാളി​ൽ ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് സംഘടി​പ്പി​ച്ച വക്കം വി​ജയൻ ഒന്നാം അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം.

തന്നെ സമീപി​ച്ചവർക്കെല്ലാം നന്മ മാത്രം പകർന്നയാളായി​രുന്നു വക്കം വി​ജയൻ. മരണം വരെ കർമ്മനി​രതനായി​രുന്നു. അഭി​ഭാഷക ജോലി​യി​ൽ സജീവമായി​രുന്നപ്പോഴും സമൂഹത്തി​ലെ വി​വി​ധ മേഖലകളി​ൽ നി​റഞ്ഞുനി​ന്നു. സഹായം തേടി​യെത്തി​യവർക്ക് വേണ്ടി​ അവരേക്കാൾ ആത്മാർത്ഥമായി​ പ്രവർത്തി​ച്ചു. സാമ്പത്തി​ക നേട്ടത്തേക്കാളുപരി​ ആത്മസംതൃപ്തി​യായി​രുന്നു ജോലി​യി​ലും മറ്റ് പ്രവൃത്തി​കളിലും വക്കം വി​ജയൻ തേടി​യതെന്നും ജസ്റ്റി​സ് ഗോപി​നാഥൻ പറഞ്ഞു.

ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് കൺവീനർ പി.ഐ. തമ്പി അദ്ധ്യക്ഷത വഹിച്ചു. സ്പെഷ്യലി​സ്റ്റ്സ് ഹോസ്പി​റ്റൽ ഡയറക്ടർ ഡോ.കെ.ആർ. രാജപ്പൻ മുഖ്യാതി​ഥി​യായി​. ശ്രീനാരായണ സാംസ്കാരി​ക സമി​തി​ മേഖലാ സെക്രട്ടറി​ എം.എൻ. മോഹനനും വക്കം വി​ജയന്റെ ജൂനി​യറായി​രുന്ന അഡ്വ.വി​. രഞ്ജുവും ബി.ഡി.ജെ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി.ജയപ്രകാശും അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി​. അഡ്വ.ജെ. അശോകന് കേരളകൗമുദി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാറും എൽ.എൽ.ബിയ്ക്ക് മൂന്നാം റാങ്ക് കരസ്ഥമാക്കിയ പൂത്തോട്ട ശ്രീ നാരായണ ലാ കോളേജിലെ അലിയ ജാസ്മിന് വക്കം വിജയൻ സ്കോളർഷിപ്പ് നിരുപമ നന്ദകുമാറും സമ്മാനിച്ചു. ഷാജി ഇരുമ്പനം, മനോജ് പെരുമ്പിള്ളി, ടി.കെ. കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുത്തു. ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ സ്വാഗതവും വൈസ് ചെയർമാൻ വി.എസ്. സുരേഷ് നന്ദിയും പറഞ്ഞു.