കൊച്ചി: ശബരിമലയിൽ പൂപ്പൽ ബാധിച്ച ഉണ്ണിയപ്പം വിതരണം ചെയ്തെന്ന ആക്ഷേപം ഗൗരവമുള്ളതെന്ന് ഹൈക്കോടതി. അഭിഭാഷകൻ ഹാജരാക്കിയ ഫോട്ടോ പരിഗണിച്ചാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അദ്ധ്യക്ഷനായ ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

മഴയും ഈർപ്പവും കാരണമാകാം പൂപ്പൽ പിടിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരിച്ചു. പൂപ്പലുള്ള ഉണ്ണിയപ്പം വിതരണം ചെയ്യില്ലെന്ന് ഉറപ്പാക്കി. രേഖാമൂലം മറുപടി നൽകാമെന്നും ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. പഴകിയ ഉണ്ണിയപ്പം വിതരണം ചെയ്തെന്ന പരാതിയിൽ അമിക്കസ് ക്യൂറിയോടും ഹൈക്കോടതി വിവരങ്ങൾ തേടിയിരുന്നു.