മരട്: കുണ്ടന്നൂർ പാലത്തിനടിയിൽ താമസിച്ചിരുന്ന കുട്ടവഞ്ചിക്കാർ മരട് നഗരസഭാ അധികാരികൾ നൽകിയ സമയപരിധി അവസാനിച്ചതോടെ സ്വയം ഒഴിഞ്ഞു. ഇവരെ ഒഴിപ്പിക്കാനായി നഗരസഭാ അധികാരികൾ ജെ.സി.ബി അടക്കം സകല സന്നാഹങ്ങളുമായി എത്തിയിരുന്നു. തങ്ങളുടെ കുട്ടവഞ്ചിയും വലകളും മറ്റ് സാധനങ്ങളുമായി ഇവർ സ്വയം ഒഴിഞ്ഞുപോവുകയായിരുന്നു.
നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകിട്ട് ഇവരെ ഒഴിപ്പിക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. എന്നാൽ രണ്ടുദിവസത്തിനുള്ളിൽ സ്വയം ഒഴിഞ്ഞ് മാറിക്കൊള്ളാമെന്ന് ഇവർ അറിയിച്ചതിനെ തുടർന്ന് രണ്ടുദിവസംകൂടി ഒഴിയാനായി സമയം അനുവദിക്കുകയായിരുന്നു.
ഇവർ ഒഴിഞ്ഞുപോയതിനുശേഷം ജെ.സി.ബി ഉപയോഗിച്ച് പരിസരം വൃത്തിയാക്കുകയും സഞ്ചാരയോഗ്യമായ പ്രദേശമാക്കി മാറ്റുകയും ചെയ്തു. കെ.ജി.എ ഗ്രൂപ്പുമായി ചേർന്ന്പ്രദേശം പാർക്കായി രൂപാന്തരപ്പെടുത്തുവാനും ആളുകൾക്ക് വിശ്രമ കേന്ദ്രത്തിനായി ഉപയോഗിക്കുന്ന തരത്തിലേക്ക് മാറ്റുവാനും തീരുമാനമായെന്ന് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പറഞ്ഞു. കൗൺസിലർമാരായ റിയാസ് കെ. മുഹമ്മദ്, റിനി തോമസ്, ബിനോയ് ജോസഫ്, ചന്ദ്രകലാധരൻ, ഹെൽത്ത് സൂപ്രണ്ട് പ്രേംചന്ദ്, ഇൻസ്പെക്ടർ പി.ഐ. ജേക്കബ്സൺ, ജെ.എച്ച്.ഐ ഹുസൈൻ എന്നിവരും നടപടികൾക്ക് നേതൃത്വം നൽകി.