വൈപ്പിൻ : എറണാകുളം, ഞാറക്കൽ എക്സൈസ് റെയ്ഞ്ച്, സർക്കിൾ പാർട്ടികൾ പുതുവൈപ്പ്, എൽ.എൻ.ജി, വളപ്പ്, എളങ്കുന്നപ്പുഴ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ ഹാഷിഷ് ഓയിൽ, മെത്ത് ആഫിറ്റമിൻ, എം.ഡി.എം.എ മുതലായ മയക്കുമരുന്നുകളുമായി മൂന്നു പേരെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടി. പരുത്തിക്കടവ് പ്രദേശത്ത് തറയപറമ്പിൽ വീട്ടിൽ ജോണി മകൻ റോണി (24) എന്നയാളുടെ വീട്ടിൽ നിന്ന് 800 മില്ലിഗ്രാം മെത്ത് ആംഫിറ്റമിൻ എന്ന രാസ ലഹരിയും അയോദ്ധ്യപുരം 22 കോളനിയിൽ കുന്നത്ത് വീട്ടിൽ റഫീഖ് മകൻ റിൻഷാദിന്റെ (26) വീട്ടിൽ നിന്ന് മൂന്നു ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.
വളപ്പ് കടപ്പുറം കരയിൽ മരയ്ക്ക പറമ്പിൽ വീട്ടിൽ വിഷ്ണുജിത്തിനെ (22) എം.ഡി.എം.എ വിഭാഗത്തിൽ വില കൂടിയ 5 ഗ്രാം ഗോൾഡൻ മെത്ത് എന്ന രാസ ലഹരിയുമായി പിടികൂടി. പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.
ഞാറക്കൽ എക്സൈസ് ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ ഹാരിസ്, പ്രിവന്റ്യൂവ് ഓഫീസർമാരായ റൂബൻ, ഷിബു, സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈൻ, ശ്രീരാജ്, ദീപു ദേവദാസ്, അരവിന്ദ്, രാജി ജോസ്, വനിത സിവിൽ എക്സൈസ് ഓഫീസർ ജിമോൾ എന്നിവരുണ്ടായിരുന്നു