കൊച്ചി: 2023 മാർച്ചിൽ പള്ളുരുത്തിയിൽ 175 കിലോ കഞ്ചാവ് പിടിച്ച കേസിൽ പ്രതി ഒഡീഷയിൽ അറസ്റ്റിലായി. തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ പോയിന്തറ കോളനിയിൽ അഖിൽ സന്തോഷാണ് (28) പിടിയിലായത്. കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ പതിനഞ്ചായി. ഒഡീഷ പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.
നിരവധി കേസുകളിൽ പ്രതിയാണ്. ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്. ഒഡീഷയിലെ പിത്തിലി ഗ്രാമത്തിൽ ട്രാക്ടർ ഡ്രൈവറുടെ വേഷത്തിലായിരുന്നു അഖിൽ സന്തോഷ് ഒളിവിൽ കഴിഞ്ഞിരുന്നത്.
ഒഡീഷയിൽ നിന്നു തന്നെയാണ് സംഘം ഇവിടേക്ക് ലോറിയിൽ കഞ്ചാവ് എത്തിച്ചത്. അഖിൽ സന്തോഷും കൂട്ടരും ഇത് പെട്ടിവണ്ടിയിൽ കയറ്റി അമ്പലമേട് ഹാപ്പി ലോഡ്ജിൽ കൊണ്ടുവന്നു. ഇതിൽ 175 കിലോ കഞ്ചാവ് കാറിൽകയറ്റി കടവന്ത്രയിലുള്ള സുഹൃത്ത് അക്ഷയ് രാജിന്റെ വീട്ടിലെത്തിച്ചു. അക്ഷയിനെ പിടികൂടിയപ്പോൾ സംഘത്തിലുള്ള മറ്റുള്ളവർ കഞ്ചാവ് മറ്റൊരു വാഹനത്തിൽ കടത്തി. യാത്രാമദ്ധ്യേയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.