ആലുവ: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി ആലുവ യു.സി കോളേിന്റെയും സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പുസ്തകോത്സവം നാളെ മുതൽ 26 വരെ യു.സി കോളേജ് ജൂബിലി ഹാളിൽ നടക്കുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ അറിയിച്ചു.

നാളെ രാവിലെ 10ന് മന്ത്രി പി. രാജീവ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ അദ്ധ്യക്ഷനാകും. എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് എൻ.എസ്. മാധവൻ മുഖ്യാതിഥിയാകും. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തും. കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് വായനസന്ദേശം നൽകും.

പുസ്തകോത്സവത്തിന്റെ ഭാഗമായി പുസ്തക പ്രകാശനങ്ങൾ, പുസ്തക സംവാദങ്ങൾ, സെമിനാറുകൾ, കുമാരനാശാൻ അക്ഷരശ്ലോക കാവ്യകേളി എന്നിവ നടക്കും. 26ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്യും. ലിറ്റീഷ ഫ്രാൻസിസ് അദ്ധ്യക്ഷയാകും. കേരള സർവ വിഞ്ജാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് മുഖ്യാതിഥിയാകും.

50 പ്രസാധകർ പങ്കെടുക്കും, 30 ശതമാനം വരെ വിലക്കിഴിവ്

ത്രിദിന പുസ്തകോത്സവത്തിൽ 50 പ്രസാധകർ പങ്കെടുക്കും. ആകർഷകമായ വിലക്കുറവിൽ പുസ്തകങ്ങൾ ലഭിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി. തമ്പാൻ, ഷെറീന ബഷീർ, എസ്.എ.എം. കമാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.