
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ(സിയാൽ) തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല ഇൻഫർമേഷൻ സെന്റർ ദേവസ്വം പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. എയർപോർട്ട് ഡയറക്ടർ ജി. മനു, സി.എഫ്.ഒ സജി ഡാനിയേൽ, ജനറൽ മാനേജർ ടി. രാജേന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ. അജികുമാർ, ജി. സുന്ദരേശൻ, സൗത്ത് ഇന്ത്യൻ ബാങ്ക് ബ്രാഞ്ച് ബാങ്കിംഗ് ജോയിന്റ് ജനറൽ മാനേജർ പി. കൃഷ്ണകുമാർ, ഡിജിറ്റൽ ആൻഡ് ടെക്നോളജി ഡെപ്യൂട്ടി ജനറൽ മാനേജർ റോബി ജോർജ് എന്നിവർ പങ്കെടുത്തു.
24 മണിക്കൂറും സേവനം
ശബരിമല തീർത്ഥാടകർക്കും ഭക്തർക്കും 24 മണിക്കൂർ സേവനം ലഭ്യമാകുന്ന രീതിയിലാണ് സെന്റർ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. ആഭ്യന്തര ടെർമിനൽ (ടി - 1) ആഗമന ഭാഗത്താണ് കൗണ്ടർ. ഇൻഫർമേഷൻ സെന്ററിലുള്ള ഡിജിറ്റൽ കൗണ്ടർ വഴി അപ്പം, അരവണ പ്രസാദം ഡിജിറ്റലായി ബുക്ക് ചെയ്യാം.
സൗത്ത് ഇന്ത്യൻ ബാങ്കുമായി (എസ്.ഐ.ബി) സഹകരിച്ചാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ ബുക്ക് ചെയ്ത രസീതുമായി ശബരിമല മാളികപ്പുറം നടയ്ക്കടുത്തുള്ള എസ്.ഐ.ബി കൗണ്ടറിൽ പ്രസാദം ലഭ്യമാകും.
സിയാലിൽ ഇടത്താവളവും
കൊച്ചി വിമാനത്താവളത്തിൽ ശബരിമല തീർത്ഥാടകർക്കായി ഇടത്താവളം ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് വിശ്രമിക്കാനും മറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം ഇടത്താവളത്തിനുള്ളിൽ വിമാന ഇൻഫർമേഷൻ ഡിസ്പ്ലേ, സമീപത്തായി പ്രീ പെയിഡ് ടാക്സി കൗണ്ടർ, കുറഞ്ഞ ചെലവിൽ സിയാലിലെ 0484 എയ്റോ ലോഞ്ചിൽ താമസസൗകര്യം എന്നിവയും ലഭ്യമാണ്.