ആലുവ: ദേശീയപാതയിൽ ആലുവയുടെ മുഖമായ മാർത്താണ്ഡവർമ്മ പാലം ഇരുട്ടിൽ. രാത്രി സമയങ്ങളിൽ വാഹനങ്ങളുടെ ലൈറ്റുകളുടെ പ്രകാശത്തിലാണ് പാലത്തിലെ നടപ്പാതയിലൂടെ കാൽനട യാത്രക്കാർക്ക് പോലും കടന്നുപോകുന്നത്.
മെട്രോയിലും ബസിലും മറ്റും വരുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാർ ബൈപ്പാസിൽ നിന്ന് തോട്ടക്കാട്ടുകര ഭാഗത്തേക്ക് ഇരുട്ടിൽ പോകേണ്ട അവസ്ഥയാണ്. സന്ധ്യയായാൽ പാലത്തിൽ സാമൂഹ്യവിരുദ്ധ ശല്യവുമുണ്ട്. നഗരസഭ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് നേരെ കണ്ണടക്കുകയാണെന്നാണ് ആക്ഷേപം. ടൈമറുകൾ കൃത്യമായി പ്രവർത്തിക്കാത്തതിനാൽ നഗരത്തിലെ മറ്റ് വഴിവിളക്കുകൾ കത്തുന്നില്ലെന്ന പ്രശ്‌നവും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. കരാറുകാരന് കൃത്യമായി പണം നൽകാത്തതും കരാർ പുതുക്കി നൽകുന്നതിന് കാലതാമസമെടുക്കുന്നതുമാണ് നഗരത്തെ ഇരുട്ടിലാക്കുന്ന ഈ അവസ്ഥയ്ക്ക് കാരണം.
മെഴുകുതിരി തെളിച്ച് പ്രതിഷേധം
തെരുവുവിളക്കുകൾ പുന:സ്ഥാപിക്കാത്തതിനെതിരെ ബി.ജെ.പി ആലുവ മുനിസിപ്പൽ കമ്മിറ്റി മാർത്താണ്ഡവർമ പാലത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. ആലുവ മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് ആർ. പത്മകുമാർ അദ്ധ്യക്ഷനായി. കൗൺസിലർ എൻ. ശ്രീകാന്ത്, മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, വൈസ് പ്രസിഡന്റ് എ.സി. സന്തോഷ്‌കുമാർ, രമണൻ ചേലാക്കുന്ന്, എൻ.വി. രത്‌നകുമാർ തുടങ്ങിയവർ സംസാരിച്ചു.