
മൂവാറ്റുപുഴ : നഗരസഭയിൽ നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകൾ മിഴിയടച്ചതോടെ നഗരം ഇരുളിലായി. തെരുവുവിളക്കുകളുടെ തുടർ പരിപാലനം ഇല്ലാതായതോടെയാണ് നഗരത്തിലെ പല പ്രദേശങ്ങളും കൂരിരുട്ടിലായത്. നഗരസഭയിലെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾക്കായി പുതിയ കരാറുകാർ എത്തിയതോടെയാണ് നിലാവ് വിളക്കുകളുടെ ഗതികേട് ആരംഭിച്ചത്. പഴയ കരാറുകാർ ഇവയുടെയുൾപ്പെടെയുള്ള തെരുവുവിളക്കുകളുടെ കേടുപാടുകൾ കൃത്യമായി തീർത്തിരുന്നു. പല പ്രദേശങ്ങളിലും ട്യൂബ് ലൈറ്റുകൾ മാറ്റി സ്ഥാപിക്കാനെത്തിയ പുതിയ കരാറുകാർ നിലവ് വിളക്കുകളുടെ അറ്റകുറ്റപ്പണി തങ്ങളുടെ ഉത്തരവാദിത്വമല്ലെന്നാണ് പറയുന്നത്. നിലാവ് വഴിവിളക്കുകൾ ജനങ്ങൾ തന്നെ അഴിച്ചെടുത്ത് കെ.എസ്.ഇ.ബി ഓഫീസിൽ കൊണ്ടുപോയി കേടുപാടുകൾ തീർത്ത് തിരികെ കൊണ്ടുവന്ന് പിടിപ്പിക്കണമെന്നാണ് വിഷയം ചൂണ്ടിക്കാട്ടിയപ്പോൾ ഒരു നഗരസഭാ ജനപ്രതിനിധിയുടെ മറുപടി.
വൈദ്യുതി വിളക്കുകൾ മാറ്റിസ്ഥാപിക്കുന്ന അപകടകരമായ ജോലി ജനങ്ങൾതന്നെ ചെയ്യണമെന്നാണ് നഗരസഭ ഭരണസമിതിയുടെ നിലപാടെങ്കിൽ, അത് ഏറെ നിരുത്തരവാദിത്വപരവും പ്രതിഷേധാർഹവുമാണ്. അടിയന്തരമായി പ്രശ്നം പരിഹരിക്കണം. ഇത്തരത്തിലുള്ള ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രതിഷേധം സംഘടിപ്പിക്കുവാൻ സാമൂഹ്യ സാംസ്കാരിക സംഘടനകൾ രംഗത്ത് വരണം.
പ്രമോദ് മംഗലത്ത്
സാമൂഹ്യ പ്രവർത്തകൻ