വൈപ്പിൻ: നിർത്തിവെച്ചിരുന്ന മുനമ്പം - അഴീക്കോട് ബോട്ട് സർവീസ് പുനരാരംഭിച്ചു. ഇന്നലെ രാവിലെ അഴീക്കോട് ജെട്ടിയിൽ നിന്നാണ് സർവീസ് ആരംഭിച്ചത്. മുനമ്പം - അഴീക്കോട് പാലം നിർമ്മാണത്തിന്റെ ഭാഗമായാണ് സർവീസ് നിർത്തി വച്ചിരുന്നത്. മുനമ്പത്ത് കിഴക്കോട്ട് മാറ്റി സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ താത്കാലികമായി ജെട്ടി നിർമ്മിച്ചതിന് ശേഷം ഏതാനും ദിവസം മുൻപ് സർവീസ് പുനരാരംഭിച്ചിരുന്നു. എന്നാൽ ഈ ജെട്ടിയിൽ വേലിയിറക്ക സമയങ്ങളിൽ ബോട്ട് അടുപ്പിക്കാൻ കഴിയാതെ വന്നതോടെ സർവീസ് നിർത്തി വെച്ചു. ജെട്ടിയുടെ അടിഭാഗത്തെ മണ്ണും ചെളിയും കടവിൽ തടസമായിരുന്ന മണ്ണും നീക്കിയാണ് ഇന്നലെ സർവീസ് വീണ്ടും ആരംഭിച്ചത്.