road
കീച്ചേരിപടി ജംഗ്ഷനിൽ വാട്ടർ അതോറിറ്റി പൊളിച്ചിട്ട റോഡ്

മൂവാറ്റുപുഴ: നഗരത്തിലെ പ്രധാനപ്പെട്ടതും തിരക്കുകൂടിയതുമായ ജംഗ്ഷനുകളിൽ ഒന്നായ കീച്ചേരിപ്പടിയിൽ വാട്ടർ അതോറിറ്റി അധികൃതർ നിർമ്മിച്ച കുഴി യാത്രക്കാർക്ക് ദുരിതമാകുന്നു. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ജംഗ്ഷൻ ഗതാഗതക്കുരുക്ക് കൊണ്ട് വീർപ്പുമുട്ടുകയാണ്. ചിലപ്പോൾ മണിക്കൂറുകളോളം ഗതാഗതകുരുക്കിൽപ്പെടുകയാണ് വാഹനങ്ങൾ. ഒരു മാസം മുമ്പ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഇവിടെ കുടിവെള്ളം പാഴായിരുന്നു. ഇതേതുടർന്ന് പൈപ്പ് നന്നാക്കുന്നതിനായി നിർമ്മിച്ച കുഴികളാണ് വാഹന യാത്രക്കാർക്ക് ദുരിതമായി മാറിയിരിക്കുന്നത്. പൈപ്പ് നന്നാക്കി എങ്കിലും റോഡിലെ കുഴി കൃത്യമായി മൂടാൻ വാട്ടർ അതോറിറ്റി ഇതുവരെ തയ്യാറായിട്ടില്ല. ഒരു കോടി രൂപ മുടക്കി കീച്ചേരിപടി മുതൽ വെള്ളൂർകുന്നം വരെ നിർമ്മിച്ച റോഡാണ് ഇത്തരത്തിൽ കുത്തിപ്പൊളിച്ച് ഇട്ടിരിക്കുന്നത്. നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടുവെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ വാഹനങ്ങൾ അധികവും കടത്തിവിടുന്ന റോഡാണ് ഇത്തരത്തിൽ ഉപയോഗശൂന്യമായി മാറിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്. പൊടി ശല്യവും വലിയ ദുരിതമാണ് വരുത്തിവയ്ക്കുന്നത്.

പൊളിച്ചിട്ട റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി തീർത്ത് അപകടങ്ങൾ ഒഴിവാക്കാൻ വാട്ടർ അതോറിറ്റി അധികൃതർ തയ്യാറാകണം

സി.എം.ഷുക്കൂർ

മുൻ കൗൺസിലർ