തൃപ്പൂണിത്തുറ: പൂത്തോട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ലിഫ്റ്റ് സംവിധാനം സ്ഥാപിക്കുമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ആശുപത്രി വികസന സംരക്ഷണ സമിതി പൂത്തോട്ട ആശുപത്രിയിൽ കിടത്തി ചികിത്സ വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിക്ക് ഡി.എം.ഒ നൽകിയ എതിർ സത്യവാങ്മൂലത്തിൽ കിടത്തി ചികിത്സയ്ക്ക് ലിഫ്റ്റോ റാമ്പോ നിർബന്ധമായി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. വികസന സമിതി ഈ വിവരം എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ആവശ്യമായ തുക അനുവദിക്കാൻ ഹൈബി ഈഡൻ തയ്യാറായി. ലിഫ്റ്റിനുള്ള എസ്റ്റിമേറ്റ് തുക എത്രയാണെന്ന് അറിയിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
ആശുപത്രി വികസന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരം ഇതിനകം 16 മാസം പിന്നിട്ടു. നിയമസഭയ്ക്ക് മുന്നിൽ ശ്രദ്ധക്ഷണിക്കൽ ഉൾപ്പെടെ നിരവധി സമരങ്ങൾ നടത്തിയ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആശു പത്രി വികസന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 28 ന് രാവിലെ 10 ന് ആശുപത്രി സമീപം നടത്തുന്ന വിശദീകരണ സമ്മേളനം റിട്ട. ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ തുടങ്ങി പ്രമുഖ നേതാക്കൾ സംസാരിക്കും.
പ്രവർത്തക യോഗത്തിൽ എം.പി. ജയപ്രകാശൻ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ കെ.ടി. വിമലൻ, എസ്.എൻ.ഡി.പി. ശാഖ വൈസ് പ്രസിസന്റ് പി.ആർ. അനില, ഒ.വി. കുര്യാക്കോസ്, എ.കെ രവീന്ദ്രൻ നായർ, എം.എസ് വിനോദ്, കെ. മനോജ്, സാബു പൗലോസ്, എം.എസ്. സുഗുണൻ, കെ.എസ്. ജയപ്രകാശർ എന്നിവർ സംസാരിച്ചു.