road-wall
മുത്തോലപുരം ഭാഗത്ത് റോഡരികിൽ സംരക്ഷണഭിത്തി തകർന്ന് തൊട്ടിലേക്ക് പതിച്ച അവസ്ഥയിൽ

ഇലഞ്ഞി: ആലപ്പുഴ- മധുര സംസ്ഥാനപാതയുടെ സംരക്ഷണ ഭിത്തി ഗുരുതരമായ രീതിയിൽ തകർന്നതിനെ തുടർന്ന് അപകട സാദ്ധ്യത ഏറി. സംസ്ഥാന പാതയുടെ ഭാഗമായ തലയോലപ്പറമ്പ് - കൂത്താട്ടുകുളം, ടി.കെ റോഡിൽ, മുത്തോലപുരം, ചീപ്പുംപടി ഭാഗങ്ങളിലാണ് റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നിരിക്കുന്നത്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന മുത്തോലപുരത്ത് മൂന്നു മീറ്റർ ഉയരത്തിലും അൻപത് മീറ്റർ നീളത്തിലും സംരക്ഷണഭിത്തി തകർന്ന് സമീപത്തുള്ള തോട്ടിലേക്ക് പതിച്ചിരിക്കുകയാണ്. ഇത് തോട്ടിലൂടെയുള്ള നീരൊഴുക്കിനെ സാരമായി ബാധിച്ചിട്ടുണ്ട്. മഴക്കാലത്ത് ഇരുഭാഗങ്ങളിലും വെള്ളം ഒഴുകി പോകാതെ പാടശേഖരങ്ങളിൽ വെള്ളപ്പൊക്കത്തിനും കാരണമാവുന്നു. വളവു കൂടിയായ മുത്തോലപുരം ഭാഗത്ത് വേഗത്തിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുവാനുള്ള സാദ്ധ്യതയുമുണ്ട്.

ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അപകടസൂചനകൾ നൽകുന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും താത്കാലിക ബാരിക്കേഡുകൾ സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിലും, മെമ്പർ എം.പി. ജോസഫും കൂത്താട്ടുകുളം പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർക്ക് പരാതി നൽകി.റോഡിന്റെ അപകടാവസ്ഥ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നൽകുമെന്നും എം.പി. ജോസഫ് പറഞ്ഞു.