
കൊച്ചി: കടലാസിലുറങ്ങുന്ന തൃക്കാക്കര കേന്ദ്രീയ വിദ്യാലയം പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത എം.പിമാരുടെ യോഗത്തിൽ ഹൈബി ഈഡൻ എം.പി ഇക്കാര്യം ആവശ്യപ്പെട്ടു. 2019ലാണ് കേന്ദ്രം കൊച്ചിക്ക് വിദ്യാലയം അനുവദിച്ചത്. ഭൂമി കണ്ടെത്തുന്നതിനു പുറമേ, ഇതു നിരപ്പാക്കി സ്‌കൂൾ നിർമ്മാണത്തിന് അനുയോജ്യമാക്കാൻ നാല് കോടി രൂപയും തൃക്കാക്കര നഗരസഭ അനുവദിച്ചെന്ന് ഹൈബി ചൂണ്ടിക്കാട്ടി. താത്കാലികമായി കേന്ദ്രീയ വിദ്യാലയത്തിന് പ്രവർത്തിക്കാൻ തെങ്ങോട് ഉള്ള വ്യവസായ പാർക്കിന്റെ കെട്ടിടം വിട്ടു നൽകാനും തൃക്കാക്കര നഗരസഭ തയ്യാറായിരുന്നു. കേന്ദ്രീയ വിദ്യാലയത്തിനു കെട്ടിട നിർമ്മാണ അനുമതി ലഭിക്കാൻ തൃക്കാക്കര നഗരസഭയുടെ കൈവശമുള്ള ഭൂമി സംബന്ധിച്ച് റവന്യൂ രേഖകളിൽ തിരുത്തൽ വരുത്തേണ്ടതുണ്ട്. തിരുത്തലിനും തരം മാറ്റത്തിനുമായി സംസ്ഥാന റവന്യൂ വകുപ്പ് കാര്യക്ഷമമായി ഇടപെടണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ. രാജന് എം.പി നിവേദനം നൽകി.
സ്ഥലം വിട്ടുനൽകാൻ സഭ
കെട്ടിട നിർമ്മാണ അനുമതിയും വേണ്ട സൗകര്യങ്ങളും ഉറപ്പുള്ളയിടങ്ങളിൽ മാത്രം താത്കാലിക വിദ്യാലയം പ്രവർത്തനം ആരംഭിച്ചാൽ മതിയെന്ന് കേന്ദ്ര സർക്കാർ നയം മാറ്റിയതാണ് അന്ന് തിച്ചടിയായത്. ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നല്കാനുദ്ദേശിച്ചുള്ള കേന്ദ്രീയ വിദ്യാലയങ്ങൾ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദീർഘകാലം പ്രവർത്തിക്കുന്നത് ഒഴിവാക്കാനായാണ് നയം മാറ്റിയത്. നിലവിൽ കണ്ടെത്തിയ പദ്ധതി പ്രദേശത്തേക്കുള്ള വഴിക്കും മറ്റുമായി സി.എം.ഐ സഭയുടെ കൈവശമുള്ള 20 സെന്റോളം സ്ഥലം വിട്ടു നൽകാമെന്ന് സഭ സമ്മതിച്ചിട്ടുണ്ട്. അക്കാര്യം രേഖയിൽ ഉൾപ്പെടുത്തുന്നതിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ കാലതാമസം വരുത്തുന്നുണ്ടെന്ന് റവന്യൂ മന്ത്രിയെ എം.പി അറിയിച്ചു.
കേന്ദ്രീയ വിദ്യാലയം യാഥാർത്ഥ്യമാകുന്നത് വരെ അതിനുള്ള ശ്രമങ്ങൾ തുടരും. കേന്ദ്രം കേന്ദ്രീയ വിദ്യാലയം അനുവദിച്ച സമയം മുതൽ അതിന് മുന്നിലെ തടസങ്ങൾ നീക്കാനുള്ള ശ്രമങ്ങളിലാണ്.
ഹൈബി ഈഡൻ എം.പി