ആലുവ: അമ്പാട്ടുകാവ് റെയിൽവേ തുരങ്കപാതക്കായി ത്രിതല പഞ്ചായത്ത് സമിതികൾ, എം.എൽ.എ ഫണ്ട് എന്നിവയിൽ നിന്നുമായി റെയിൽവേക്ക് അടച്ച ഒരു കോടിയിലേറെ രൂപ പദ്ധതി പ്രായോഗികമല്ലെന്ന് ഉറപ്പായിട്ടും ഇതുവരെ തിരികെ വാങ്ങാതെ അധികൃതർ. ലൈഫ് പദ്ധതിക്കും മറ്റും പണല്ലാതെ ബുദ്ധിമുട്ടുമ്പോഴും പ്രായോഗികമല്ലാത്ത പദ്ധതിക്കായി അടച്ച പണം ഏഴ് വർഷമായിട്ടും തിരിച്ചുവാങ്ങുന്നില്ലെന്നാണ് ആക്ഷേപം.
2017ൽ എം.പിയായിരുന്ന ഇന്നസെന്റ് തുരങ്കപാതക്ക് തറക്കല്ലിട്ടെങ്കിലും ദേശീയപാത അതോറിട്ടിയുടെ അനുമതിയില്ലാത്തതിനെ തുടർന്നാണ് നിർമ്മാണം അനിശ്ചിതത്വത്തിലായത്. 1.30 കോടി രൂപയാണ് പദ്ധതിക്കായി റെയിൽവേ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നത്. ചൂർണിക്കര ഗ്രാമപഞ്ചായത്ത് 66 ലക്ഷം, എം.എൽ.എ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ, എം.പി ഫണ്ടിൽ നിന്ന് 17.5 ലക്ഷം, ജില്ലാ പഞ്ചായത്ത് 10 ലക്ഷം, ബ്ളോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം എന്നിങ്ങനെയാണ് പണം അനുവദിച്ചത്. ഈ തുകയെല്ലാം റെയിൽവേക്ക് അടച്ച ശേഷമാണ് എം.പിയായിരുന്ന ഇന്നസെന്റ് നിർമ്മാണത്തിന് കല്ലിട്ടത്. ചൂർണിക്കര പഞ്ചായത്ത് കമ്മിറ്റി ചേർന്ന് ആവശ്യപ്പെട്ടാൽ അടച്ച പണം റെയിൽവേ മടക്കി നൽകുമെങ്കിലും ബന്ധപ്പെട്ടവർ മുതിർന്നില്ല. പദ്ധതിക്ക് പഞ്ചായത്ത് ഭരണസമിതി എതിരാണെന്ന പ്രചാരണം ഉണ്ടാകുമോയെന്നാണ് ആശങ്ക. നിലവിലുള്ള കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി പണം തിരിച്ച് വാങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭൂരിപക്ഷവും അനുകൂലിച്ചില്ല.
പാരയായത് ദേശീയപാത അതോറിട്ടി
ദേശീയപാത അതോറിട്ടി പദ്ധതിക്ക് എൻ.ഒ.സി നിഷേധിച്ചത് സുരക്ഷാ കാരണങ്ങളാൽ ദേശീയപാതയും റെയിലും കടന്നുപോകുന്നത് തൊട്ടരികിലൂടെ എൻ.ഒ.സി നിഷേധിച്ചത് അടിപ്പാത നിർമ്മിച്ചാൽ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നിടത്ത് ആവശ്യമായ സ്ഥലം ഇല്ലാത്തതാകും എന്ന് കണ്ടെത്തിയതിനാൽ ഇതിനിടെ അമ്പാട്ടുകാവിൽ മെട്രോ സ്റ്റേഷൻ വന്നതോടെ ഉണ്ടായിരുന്ന സ്ഥലവും നഷ്ടമായി മെട്രോ യാർഡിലേക്ക് മറ്റൊരു തുരങ്കപാത യാഥാർത്ഥ്യമായതോടെ അമ്പാട്ടുകാവ് തുരങ്കപാത അകാലചരമം പ്രാപിച്ചു
പദ്ധതി യാഥാർത്ഥ്യമാകില്ലെന്ന് ബോദ്ധ്യമായതോടെ എം.പി ഫണ്ടായി നൽകിയ 17.5 ലക്ഷം രൂപ അക്കാലത്ത് തന്നെ തിരിച്ചുവാങ്ങി
പ്രതീക്ഷ കൈവിടാതെ ചിലർ
തുരങ്കപാത യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷിക്കുന്നവർ ഇപ്പോഴുമുണ്ട്. കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. ശിവാനന്ദൻ ഇക്കാര്യത്തിൽ നിവേദനം നൽകിയിട്ടുണ്ട്. കമ്പനിപ്പടിയിലും മുട്ടം മെട്രോയാർഡിലും തുരങ്കപാതയുണ്ടെങ്കിലും ഇത് പ്രദേശവാസികൾക്ക് പ്രയോജനമില്ലെന്നാണ് പറയുന്നത്. രണ്ടിടത്തും മഴക്കാലമായാൽ വെള്ളക്കെട്ടിൽ വഴി തടസപ്പെടും.