കോലഞ്ചേരി: ഫ്ലോട്ടിംഗ് യന്ത്രം പണി നിർത്തിയതോടെ മണ്ണൂർ ചിറ ശുചീകരണം പാതിവഴിയിൽ നിലച്ച നിലയിൽ.
ചെളിവാരി ചിറ ശുചിയാക്കാൻ ഇറക്കിയ ഫ്ളോട്ടിംഗ് യന്ത്രത്തിന്റെ ഭാഗം കരാറുകാരൻ ഉപേക്ഷിച്ചിട്ട് മാസങ്ങളായി. ഇതോടെ യന്ത്രഭാഗം ചിറയിൽ ഒഴുകി നടക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുകയാണ്. മണ്ണൂർ മേഖലയിൽ പ്രധാന ശുദ്ധ ജല സ്രോതസിൽ ഒന്നാണ് ചിറ. വേനൽ കടുക്കുന്നതോടെ പായൽ നിറഞ്ഞ ചിറ വറ്റും. ഇത് മേഖലയിൽ കടുത്ത കുടിവെള്ള ക്ഷാമവും ഉണ്ടാക്കും. ഇത് മുൻകൂട്ടി കണ്ടാണ് ചിറ ശുചീകരിക്കാനുള്ള നടപടി തുടങ്ങിയത്. എന്നാൽ പണി പാതി വഴിയിൽ നിലച്ച മട്ടാണ്. അതിനിടയിലാണ് യന്ത്ര ഭാഗം ചിറയിൽ തലങ്ങും വിലങ്ങും ഒഴുകി നടക്കുന്നത്. സമീപ മേഖലകളിൽ നിന്ന് നിരവധി പേർ കുളിക്കാനെത്തുന്ന ചിറയാണിത്. ആർത്തുല്ലസിച്ച് കുളിക്കുന്ന കുട്ടികൾക്ക് യന്ത്രഭാഗം തട്ടി നിരന്തരം പരിക്കേൽക്കുന്നത് പതിവാണ്.
2020 ലാണ് അവസാനമായി ചിറ ശുചീകരിച്ചത്. പെരിയാർ വാലി കനാലിൽ വെള്ളമെത്തുന്ന ഘട്ടമെത്തിയാൽ പിന്നീട് പായലും ചെളിയും നീക്കാൻ കഴിയില്ല. കനാൽ വെള്ളമെത്തുന്നതിന് മുമ്പ് ചിറ ശുചിയാക്കണം.
എൻ. ശശികുമാർ കൊമത്താട്ട്
വാർഡ് പ്രസിഡന്റ്
കോൺഗ്രസ്
പായലും ചെളിയും നിറഞ്ഞ ചിറ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മൂന്നു മാസം മുമ്പ് ഫ്ളോട്ടിംഗ് യന്ത്രം ഇറക്കിയത്. ഇതിന്റെ ഒരു ഭാഗമാണ് ചിറയിൽ ഉപേക്ഷിച്ചത്. മഴുവന്നൂർ പഞ്ചായത്ത് ഫണ്ട് അനുവദിക്കുമെന്ന് ഉറപ്പു നൽകിയതോടെയാണ് ഫ്ളോട്ടിംഗ് യന്ത്രം എത്തിച്ച് ചിറ ശുചിയാക്കാനുള്ള നീക്കം തുടങ്ങിയത്. എന്നാൽ ഫണ്ട് ലഭിക്കാനുള്ള കാലതാമസം മൂലം കരാറുകാരൻ ഫ്ളോട്ടിംഗ് യന്ത്രം ഉപേക്ഷിച്ചു പോയി. എന്ന് ഫണ്ട് ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ പണി പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥ.