കൊച്ചി: കെ.പി. വള്ളോൻ റോഡ് മുല്ലയ്ക്കൽ ലൈനിൽ വാട്ടർ അതോറിറ്റി കൊച്ചി സർക്കിൾ എക്‌സിക്യൂട്ടീവ് എൻജിനീയർ സ്ഥലപരിശോധന നടത്തി കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികൾ രണ്ടാഴ്ചക്കുള്ളിൽ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് നിർദ്ദേശം നൽകി. ഡിസംബർ മൂന്നിന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ അസിസ്റ്റന്റ് എൻജിനിയർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ ഹാജരായി സ്വീകരിച്ച നടപടികൾ വിശദമാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. കൊച്ചി സർക്കിൾ എക്‌സിക്യൂട്ടീവ് എൻജിനിയർക്കും വൈറ്റില സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർക്കുമാണ് നിർദ്ദേശം നൽകിയത്.2022ൽ കേടായതും പഴയതുമായ എ.സി പൈപ്പുകൾ മാറ്റി പുതിയ 160 എം. എം പി. വി.സി പൈപ്പ് സ്ഥാപിക്കാൻ നടപടി തുടങ്ങിയെങ്കിലും പൊതുജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പ്രവൃത്തി മുടങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. റോഡ് പുനരുദ്ധാരണം കൂടി ഉൾപ്പെടുത്തിയുള്ള ടെണ്ടർ നടപടികൾ അവസാനഘട്ടത്തിലാണെന്നും വാട്ടർ അതോറിറ്റി കമ്മിഷനെ ധരിപ്പിച്ചു. പൈപ്പുകൾ സ്ഥാപിച്ചെങ്കിലും കുടിവെള്ളം ലഭിച്ചില്ലെന്ന് പരാതിക്കാരനായ പി.ജെ ചാർലി കമ്മിഷനെ അറിയിച്ചു.