കൊച്ചി: ഗൾഫിൽ നിന്ന് കേരളത്തിലേക്ക് വ്യാജ സിഗററ്റ് കള്ളക്കടത്തിന് ഇടനിലക്കാർ മറയാക്കിയത് 'ടാർ ഇറക്കുമതി’. കടത്തിന് കൂട്ടുനിന്ന എക്‌സ്‌പോർട്ടിംഗ് കമ്പനിക്കെതിരെ കസ്റ്റംസ് കേസെടുത്തു.
എറണാകുളം വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ വഴി കടത്താൻശ്രമിച്ച രണ്ട് കണ്ടെയ്നർ വ്യാജ സിഗററ്റ് കൂടി കസ്റ്റഡിയിലെടുത്തു. എറണാകുളത്തെ ഒരു ഗോഡൗണിൽ നിന്നാണ് കണ്ടെയ്നറുകൾ കസ്റ്റഡിയിലെടുത്തത്.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പരിശോധനയിൽ വ്യാഴാഴ്ച രണ്ട് കണ്ടെയ്‌നർ സിഗററ്റ് പിടികൂടിയിരുന്നു. വിശദമായ അന്വേഷണത്തിൽ രണ്ട് കണ്ടെയ്‌നർ പുറത്തേയ്ക്ക് പോയതായി കണ്ടെത്തി. ഇവയാണ് ഇടനിലക്കാരന്റെ ഗോഡൗണിൽ നിന്ന് പിടിച്ചെടുത്തത്.
നാല് കോടി രൂപ വിലമതിക്കുന്ന സിഗററ്റാണ് പിടികൂടിയത്. ടാർ വീപ്പകളിലാണ് ഒളിപ്പിച്ചിരുന്നത്. ഗോൾഡ് ഫ്ലേക്ക് സിഗററ്റുകളാണ് അധികവും.
68 ശതമാനം നികുതിയാണ് ഇന്ത്യയിൽ സിഗററ്റിന്. വിദേശത്ത് ഇന്ത്യയേക്കാൾ നിർമ്മാണച്ചെലവ് കുറവുമാണ്. ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ഗോൾഡ് ഫ്ളേക്ക് ബ്രാൻഡുകളുടെ വ്യാജനെത്തി തുടങ്ങിയിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ.
ബാഗേജുകളിൽ ഒളിപ്പിച്ചാണ് കടത്ത്. കഴിഞ്ഞ മേയിൽ പിടികൂടിയ മൂന്ന് ടൺ വ്യാജ സിഗററ്റ് കൊച്ചി കസ്റ്റംസ് കത്തിച്ച് കളഞ്ഞിരുന്നു. സിഗററ്റ് വലി ആരോഗ്യത്തിന് ഹാനീകരമാണെന്നുള്ള മുന്നറിയിപ്പും ക്യാൻസർ ചിത്രങ്ങളും രേഖപ്പെടുത്തിയ സിഗററ്റുകൾ മാത്രമേ ഇന്ത്യയിൽ വിൽക്കാനാകൂ. ഇവയെല്ലാം അച്ചടിച്ചാണ് വിദേശ വ്യാജ സിഗററ്റുകളെത്തിക്കുന്നത്.