h

കാഞ്ഞിരമറ്റം: കൃഷി നിലച്ചതോടെ കൊച്ചിയുടെ നെല്ലറയായ തോട്ടറ പുഞ്ചയിൽ ഏക്കർ കണക്കിന് ഭൂമി തരിശ് നിലമായി മാറുന്നു. ജില്ലയിൽ ആമ്പല്ലൂർ, എടക്കാട്ടുവയൽ പഞ്ചായത്തിലും കോട്ടയം ജില്ലയിലെ വെള്ളൂർ പഞ്ചായത്തിലുമായി 1400 ഏക്കറിലാണ് തോട്ടറ പുഞ്ച. പാടത്താകെ കളകൾ രൂപപ്പെട്ടതോടെ കൃഷിയിറക്കാൻ പണമേറെ മുടക്കണം. സമീപത്തെ തോട്ടിലും പോളപ്പായൽ നിറഞ്ഞിരിക്കുകയാണ്. 15 വർഷത്തിലധികമാണ് ഇവിടെ കൃഷിയില്ല. 2017 ൽ സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവിന്റെ ഇടപെടലിനെ തുടർന്ന് കളക്ടറായിരുന്ന മുഹമ്മദ് സഫീറുള്ളയുടെ നേതൃത്വത്തിൽ ഐ.ഒ.സി സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് സന്നദ്ധ രാഷ്ട്രീയ സംഘടനകളുടെ സഹായത്തോടെ 350 ഏക്കറിൽ വിത്ത് ഇറക്കി വിളവെടുത്തിരുന്നു.

കനാലുകളും തോടുകളും പുനരുജ്ജീവിപ്പിച്ചും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കിയാണ് കൃഷിയിറക്കിയത്. 2018 ൽ 652 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചു. തുടർന്നുള്ള വർഷങ്ങളിൽ 900 ഏക്കർ കൃഷി ചെയ്തു. പിന്നീട് കൊവിഡും തദ്ദേശ സ്ഥാപനത്തിലെ ഭരണമാറ്റവും കൃഷിയെ ബാധിച്ചു. മഴയും കൃഷിക്ക് ഭീഷണിയായി. പാടശേഖരങ്ങളിൽ കൃത്യമായ വെള്ളം നിയന്ത്രിക്കാൻ മോട്ടറുകളും ഷട്ടറുകളും സ്ഥാപിച്ചില്ല. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വർഷം 18 ഷട്ടറുകൾ സ്ഥാപിക്കുവാൻ 20 ലക്ഷം രൂപ വകയിരുത്തിയെങ്കിലും നടപ്പായില്ല. കഴിഞ്ഞവർഷം പുഞ്ചയിൽ 30 ശതമാനം മാത്രമാണ് കൃഷി ചെയ്തത്.

 കർഷകരുടെ ആവശ്യങ്ങൾ

പുഞ്ചയിലെ കർഷകരെ ഉൾപ്പെടുത്തി സഹകരണ സംഘം സ്ഥാപിക്കുക

തോട്ടറ പുഞ്ചയ്ക്കും മാത്രമായി പുഞ്ച ഓഫീസറെ നിയോഗിക്കുക

ഹരിത കേരളം മിഷനെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ചുമതലപ്പെടുത്തുക

തോട്ടറ പുഞ്ചയിലെ ജലാഗമന നിർഗമന സൗകര്യങ്ങൾ ശാസ്ത്രീയമായി പഠിച്ച് ശേഷം കൃഷി ഇറക്കുക.

തോട്ടറ പുഞ്ചയിലെ പായൽ വാരൽ ഏകദേശം പകുതിയോളം പൂർത്തീകരിച്ചു. 600 ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്യും.

ഷാജി മാധവൻ

പ്രസിഡന്റ്

ബ്ലോക്ക് പഞ്ചായത്ത്