
കുന്തവും കൊടച്ചക്രവും കൂടി ഇങ്ങനെയൊരു പണിതരുമെന്ന് മന്ത്രി സജി ചെറിയാൻ കരുതിയില്ല. മണിയാശാനെ മനസിൽ സ്മരിച്ച് പ്രസംഗവേദിയിൽ കത്തിക്കയറിയതാണെങ്കിലും കോടതിയിൽ കരിക്കട്ടയായി. പിടികൂടിയത് ഹൈക്കോടതിയായതിനാൽ അത്രപെട്ടെന്ന് ഊരിപ്പോരാമെന്ന പ്രതീക്ഷയില്ല. കുന്തവും കൊടച്ചക്രവും ഭരണഘടനയും തമ്മിലുള്ള ഇരിപ്പുവശം എന്താണെന്നാണ് കോടതി ചോദിച്ചത്. കുന്തമെന്താണെന്ന് സകലർക്കും അറിയാമെങ്കിലും കൊടച്ചക്രത്തെക്കുറിച്ച് ധാരണയില്ല. കുടയ്ക്കുള്ളിലെ എന്തോ സൂത്രമാണത്രേ. എന്തായാലും ഈ രണ്ടുസംഗതികളും ഭരണഘടനയിലില്ല. ലോകം മുഴുവൻ ഒറ്റ രാജ്യമാവുകയും ഒരേയൊരു ഭരണഘടന നിലവിൽ വരികയും വേണമെന്ന് ആഗ്രഹിക്കുന്ന കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനാണ് സഖാവ് സജിയെന്ന കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടില്ല. 'ലോകാ സമസ്താ സുഖിനോഭവന്തു" എന്ന ഭാരതീയ ദർശനത്തിൽ വിശ്വസിക്കുന്ന ആളാണ് താനെന്നും, ഫാസിസ്റ്റുകളുടെ കുന്തത്തിനും കൊടച്ചക്രത്തിനും ഇന്ത്യൻ ഭരണഘടനയെ ഒരുചുക്കും ചെയ്യാനാവില്ലെന്നാണ് ഉദ്ദേശിച്ചതെന്നും മന്ത്രി വിശദീകരണം നൽകിയിട്ടും ആരും വിശ്വസിച്ചില്ല. ഗഹനമായ കാര്യങ്ങൾ സാധാരണക്കാർക്ക് മനസിലാക്കാൻ സംസ്കൃത പണ്ഡിതനായ മണിയാശാന്റെ ശൈലിയിൽ പറഞ്ഞുപോയതാണ്. കോടതിക്ക് ഇതു മനസിലായില്ലെങ്കിലും സഖാക്കൾക്ക് ബോദ്ധ്യമായി. അതുമതി. സജി പത്തരമാറ്റ് തനി 'തങ്കനാണ് " എന്നു പാർട്ടി സർട്ടിഫിക്കറ്റ് നൽകിയത് അതുകൊണ്ടാണ്. സമൂഹമാദ്ധ്യമങ്ങളിലുള്ള പ്രസംഗ വീഡിയോ കേട്ടാൽ ഇതു മനസിലാകും.
'ഒരു ലോകം, ഒരു ഭരണഘടന" എന്ന വിശാലകാഴ്ചപ്പാടുള്ള പ്രസ്ഥാനമായതിനാലാണ് ബംഗാളിലെയും ത്രിപുരയിലും ഭരണം വേണ്ടെന്നുവച്ചത്. കേരളത്തിലും അങ്ങനെയൊരു ആലോചനയിലാണ്. പല രാജ്യങ്ങളായി ഈ ലോകം വെട്ടിമുറിക്കപ്പെടുമ്പോഴാണ് അതിർത്തിത്തർക്കവും മറ്റു പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. ചെലവ് കുറയ്ക്കാനും ഐക്യം ഊട്ടിയുറപ്പിക്കാനും ഏക ലോകസിദ്ധാന്തം വരണം. ചൈനക്കാരും ഇതേ രീതിയിലാണ് ചിന്തിക്കുന്നത്.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു കരുതി പിണങ്ങിപ്പോകുന്നത് ശരിയല്ലെന്നാണ് സജി മന്ത്രിയുടെ നിലപാട്. ഭരണഘടനയെക്കുറിച്ചും ജഡ്ജിമാരെക്കുറിച്ചും നല്ല മതിപ്പുള്ള മന്ത്രിക്ക് ആശങ്കയില്ല. ഒക്കെ ശരിയാകും.
ധാർമ്മികതയുടെ പേരിൽ രാജിവയ്ക്കണമെന്നാണ് കോൺഗ്രസുകാർ പറയുന്നത്. ഓരോരോ മോഹങ്ങൾ. എന്താണ് ധാർമ്മികത എന്നാണ് പിടികിട്ടാത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റവരെ പിറ്റേന്ന് രാജ്യസഭയിലെത്തിച്ച് മതേതരത്വം കാത്തുസൂക്ഷിച്ചവരാണ് കോൺഗ്രസുകാർ. മതനിരപേക്ഷ സിദ്ധാന്തങ്ങൾ പഴയപോലെ ഫലിക്കാത്തതിനാൽ പിന്തുണക്കാരുടെ എണ്ണം കുറയുകയാണ്.
എന്താണെന്നറിയില്ല, ബ്രിട്ടീഷുകാരെ സഖാവ് സജിക്ക് പണ്ടേ കണ്ടുകൂടാ. വെറുത്തുപോയി. പാവപ്പെട്ട ഇന്ത്യക്കാരെ കൊള്ളയടിക്കാൻ ബ്രിട്ടീഷുകാർ എഴുതിനൽകിയത് പിന്തുടരേണ്ടതുണ്ടോ എന്നു ചോദിച്ചത് സത്യമായിട്ടും ഭരണഘടനയെ ഉദ്ദേശിച്ചല്ല. മനസിന്റെ നന്മ നാട്ടുകാരോ കോടതിയോ തിരിച്ചറിയുന്നില്ലെങ്കിൽ എന്തുചെയ്യും. എന്തായാലും സഖാവ് സജി മന്ത്രിയായി തുടരുന്നതിൽ ധാർമ്മികതയുടെ പ്രശ്‌നമില്ലെന്ന് മന്ത്രി പി.രാജീവ് വ്യക്തമാക്കിയിട്ടുണ്ട്. സംശയമുള്ളവർക്ക് അദ്ദേഹത്തോട് ചോദിക്കാം. വിശദീകരണത്തിന്റെ അർത്ഥം ഗ്രഹിക്കാൻ സംസ്‌കൃത-മലയാളം പണ്ഡിതരുടെ സഹായം തേടിയാൽ മതിയാകും.
പറഞ്ഞതെല്ലാം 'മാപ്രകൾ" റെക്കാഡ് ചെയ്തതാണ് പ്രശ്നമായത്. അതേപടി കോടതിയിലെത്തിക്കുകയും ചെയ്തു. കുറേയൊക്കെ കൈയിൽനിന്നിട്ട് പൊലിപ്പിച്ചു വാർത്തയാക്കിയത് അതിലും പാരയായി. പരാതികളെക്കുറിച്ച് നമ്മുടെ പൊലീസ് വിശദമായി അന്വേഷിച്ച്, 'മാന്യമായ പ്രസംഗമാണ്" എന്ന് സർട്ടിഫിക്കറ്റ് തന്ന് കുറ്റവിമുക്തനാക്കിയതാണ്. എന്നിട്ടും ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാർക്ക് ഈ രാജ്യത്ത് എന്തുനീതി കിട്ടും. പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞതും അതുതന്നെയാണ്. സി.ബി.ഐയോ ഇന്റർപോളോ അന്വേഷണം നടത്തിയാൽ അപ്പോഴും കേൾക്കുക 'മാപ്രകൾ" റെക്കാഡ് ചെയ്തതായിരിക്കും എന്നതാണ് പ്രശ്നം. ആരൊക്കെ എതിർത്താലും എന്തൊക്കെ സംഭവിച്ചാലും രാജിവയ്ക്കില്ല. പുതിയ അന്വേഷണ റിപ്പോർട്ട് വരുമ്പോഴേക്കും മന്ത്രിസഭയുടെ കാലാവധി പൂർത്തിയാവുമെന്നാണ് പ്രതീക്ഷ. പിന്നെയെന്തു സംഭവിച്ചാലും സാരമില്ല.
ക്യാപ്സൂളുണ്ടോ സഖാവേ!
ഒന്നു പിടിച്ചുനിൽക്കാൻ
ബുദ്ധിമാന്മാർ മാത്രമുള്ള ഒരു പാർട്ടിക്കും അധികകാലം പിടിച്ചുനിൽക്കാനാവില്ലെന്ന് ഇത്തിരി വൈകിയാണെങ്കിലും സി.പി.എമ്മിന്റെ ബംഗാൾ ഘടകം മനസിലാക്കി. തുടർച്ചയായി തോൽക്കുന്നിന്റെ കാര്യം അന്വേഷിച്ചപ്പോഴാണ് പാർട്ടി സി.ഐ.ഡിമാർ ഇതു കണ്ടെത്തിയത്. ബുദ്ധിയിലല്ല, ക്യാപ്‌സൂളുകൾ തയ്യാറാക്കുന്നതിലാണ് കാര്യം. ഇതിന് സാങ്കേതിക വിദ്യകളിൽ പ്രാവീണ്യമുള്ള ടെക്കികൾ വേണം. ചർച്ചകൾക്കിടെ, മൊബൈൽ ഫോണിലൂടെ ക്യാപ്‌സൂൾ എത്തിക്കുന്ന നൂതന സംവിധാനം കേരളത്തിലുണ്ടെങ്കിലും ബംഗാളിൽ ആയിട്ടില്ല. ഈ പ്രശ്‌നത്തിന് ഉടൻ പരിഹാരമാകും. നല്ല 'ക്യാപ്‌സൂളിസ്റ്റുകളെ" ആവശ്യമുണ്ടെന്ന പാർട്ടി സെക്രട്ടറിയുടെ പരസ്യത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്.
ചേലക്കരയിൽ കണ്ടത്
പുലിയുടെ പതുങ്ങൽ
ചേലക്കരയിൽ വലിയൊരു ഗുണ്ട് നനഞ്ഞ ഓലപ്പടക്കം പോലെ ചീറ്റിപ്പോയതിന്റെ ആഘാതത്തിലാണ് ഡി.എം.കെ നേതാവ് പി.വി. അൻവർ. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഒഫ് കേരള എന്ന മതേതര പ്രസ്ഥാനത്തെ ദേശീയ പാർട്ടിയായി വളർത്താനുള്ള ശ്രമത്തിന് ആദ്യഘട്ടത്തിൽ തിരിച്ചടിയേറ്റെങ്കിലും സഖാവിന് വിഷമമില്ല. ഒരു പാർട്ടിയോടും അന്തർധാരയില്ലാതെ നേടിയ വോട്ടുകൾക്ക് വിജയത്തേക്കാൾ തിളക്കമുണ്ട്. സഖാക്കൾ വൻമുന്നേറ്റം നടത്തിയെങ്കിലും അതിന്റെ സ്പീഡ് കുറയ്ക്കാൻ കഴിഞ്ഞു. ഇനിയുള്ള ഓരോ തിരഞ്ഞെടുപ്പിലും സ്പീഡ് കുറയുകയും ഒടുവിൽ റിവേഴ്സിലാവും. അപ്പോൾ ഡി.എം.കെ ടോപ് ഗിയറിലാകും.
തമിഴക ഡി.എം.കെയുമായി ചേർന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യാനായിരുന്നു നീക്കമെങ്കിലും തമിഴന്മാർ കാലുവാരി. സ്വന്തം പാർട്ടിക്ക് ഡി.എം.കെ എന്ന് പേരിട്ടിട്ടും തമിഴന്മാർ അടുപ്പിച്ചില്ല. ഞാനും പുലിച്ചേട്ടനും ഒരേ ഫാമിലിയാ എന്ന് കയ്യാലപ്പുറത്തിരുന്നു പറയുന്ന പൂച്ചയാകേണ്ടെന്ന് ഡി.എം.കെ നേതാക്കന്മാരിൽ ആരോ അൻവറിനെനോക്കി പറഞ്ഞെന്നാണ് കുബുദ്ധികൾ പറഞ്ഞു പരത്തുന്നത്. പല പ്രസ്ഥാനങ്ങളും തുടങ്ങിയപ്പോൾ ഇങ്ങനെയായിരുന്നു. സകല വഴികളും അടയുമ്പോൾ തമിഴന്മാരും സഖാക്കളും കേരള ഡി.എം.കെയെ തേടിയെത്തുമെന്ന് അൻവർ സാഹിബിന് ഉറപ്പുണ്ട്. പുലി പതുങ്ങുന്നത് എന്തിനാണെന്ന് എന്നാണ് ഇവരൊക്കെ മനസിലാക്കുക!