container

കൊച്ചി: എറണാകുളം നഗരത്തിലേക്ക് കളമശേരി, ആലുവ ഭാഗത്തെ യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കണ്ടെയ്‌നർ റോഡിൽ തുടർച്ചയായ അറ്റകുറ്റപ്പണികൾ. റോഡിലെ പാലങ്ങളുടെ അടിയിലെ തൂണുകളിലാണ് നിർമ്മാണ ജോലികൾ തകൃതി. തൂണുകളിലെ ബെയറിംഗുകൾ മാറ്റുകയാണെന്ന് നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ കേരളകൗമുദിയോട് പറഞ്ഞു. 129.5 കോടിയുടെ നവീകരണമാണ് പുരോഗമിക്കുന്നത്. പണി നടക്കുന്നതിനാൽ കളമശേരി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പൊന്നാരിമംഗലം ടോൾ പ്ലാസ പിന്നിട്ട് സർവീസ് റോഡിലേക്ക് തിരിഞ്ഞാണ് ഇപ്പോൾ പോകുന്നത്. കണ്ടെയ്‌നറുകൾ ഉൾപ്പെടെ ഈ മാർഗം സ്വീകരിക്കുന്നതിനാൽ ഇവിടെ രാവിലെയും വൈകിട്ടും ഗതാഗത കുരുക്കുണ്ട്.

1. ബെയറിംഗുകൾ മാറ്റുന്നു

കണ്ടെയ്‌നർ റോഡിൽ ആകെയുള്ള 11 പാലങ്ങളിലും രണ്ട് ഫ്‌ളൈ ഓവറുകളിലും പരിശോധന നടത്തുന്നുണ്ട്. 10 വർഷത്തിലേറെ പഴക്കമുള്ള ബെയറിംഗുകളാണ് ആവശ്യമെങ്കിൽ മാറ്റുന്നത്. ചേരാനല്ലൂരിലെ പാലത്തിനു താഴെയുള്ള ഒരു വശത്തെ ആറ് തൂണുകളിലെ 42 ബെയറിംഗുകളിൽ 32 എണ്ണം മാറ്റി. ഈ ജോലികൾ തുടങ്ങിയിട്ട് രണ്ട് മാസത്തോളമായി. പാലത്തിനു മുകളിൽ ബെയറിംഗ് റീൽ വരുന്ന ഭാഗത്ത് മാത്രമാണ് ടാറിംഗും കോൺക്രീറ്റും പൊട്ടിക്കുന്നത്.


2. സമാന്തരമായി ടാറിംഗ് ജോലികളും

പഴക്കമുള്ള ടാറിംഗിലെ പോരായ്മകൾ പരിഹരിക്കാനായി ചേരാനെല്ലൂരിലെ പാലത്തിനു സമീപം ടാറിംഗ് വെട്ടിപ്പോളിക്കുന്ന ജോലികളും പുരോഗമിക്കുന്നുണ്ട്. കണ്ടെയ്‌നർ റോഡിലെ ചില പ്രദേശങ്ങളിൽ ടാറിംഗ് അശാസ്ത്രീയമാണെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.


3. ടോളിന് സമീപം കൽവെർട്ട് പരിശോധന

കൽവെർട്ടുകളിലെ പരിശോധനയ്ക്കായി പൊന്നാരിമംഗലം ടോൾ പ്ലാസയ്ക്ക് സമീപം ഗതാഗതം തിരിച്ചുവിട്ട് റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. നിശ്ചിത ദൂരത്തിലും ആഴത്തിലുംടാറിംഗ് പൂർണമായും നീക്കിയാണ് പരിശോധന. ഇത് പൂർത്തിയാകാനും രണ്ട് മാസത്തോളം സമയമെടുക്കും.

നവീകരണം പലവിധം

• പാലങ്ങളിലെ ബെയറിംഗ് മാറ്റൽ.

• ടാറിംഗ്

• 1,106 സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ

• സർവീസ് റോഡ് നവീകരണം

എല്ലാ നാഷണൽ ഹൈവേകളും ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഇത്തരം പരിശോധനകൾ നടത്താറുണ്ട്. ആവശ്യമെങ്കിൽ ടാറിംഗ് അറ്റകുറ്റപ്പണികൾ നടത്താറുമുണ്ട്

എൻ.എച്ച്.എ.ഐ അധികൃതർ