p

ന്യൂസിലാൻഡ് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് സ്റ്റഡി വർക്ക് വിസ (പി.എസ്.ഡബ്ലു) കൂടുതൽ ഉദാരമാക്കുന്നു. ന്യൂസിലാൻഡിലേക്ക് ഇമിഗ്രേഷന് ശ്രമിച്ചവരുടെ വിസ അനുവദിക്കുന്നതിൽ 2024 ഏപ്രിൽ വരെ കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നടപടിക്രമങ്ങൾ ഏറെ വിദ്യാർത്ഥി സൗഹൃദമാണ്. കോഴ്‌സ് പൂർത്തിയാക്കിയാൽ തൊഴിൽ ചെയ്യാനുതകുന്ന പോസ്റ്റ് സ്റ്റഡി വർക്ക് വിസയാണ് കൂടുതൽ ലളിതമാക്കിയിരിക്കുന്നത്. ഇതനുസരിച്ചു 30 ആഴ്ചക്കാലയളവിലെ പോസ്റ്റ് ഡിപ്ലോമ പൂർത്തിയാക്കി ബിരുദാനന്തര പ്രോഗ്രാമിലേക്കു കടക്കാൻ യോഗ്യത നേടുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് മൂന്ന് വർഷത്തെ പോസ്റ്റ് സ്റ്റഡി വർക്ക് വിസ ലഭിക്കും. 2023-24 ൽ 67000 ത്തോളം അന്താരാഷ്ട്ര വിദ്യാർത്ഥികൾ ന്യൂസിലാൻഡിൽ എത്തിയിട്ടുണ്ട്.

ഉപരിപഠനം, തൊഴിൽ എന്നിവയ്ക്ക് ഏറ്റവും മികവാർന്ന രാജ്യങ്ങളിലൊന്നാണ് ന്യൂസിലാൻഡ്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യമായതിനാൽ നിരവധി അന്താരാഷ്ട്ര വിദ്യാർത്ഥികൾ ന്യൂസിലാൻഡിൽ ഉപരിപഠനത്തിനെത്തുന്നു. യു.ജി, ഗ്രാജ്വേറ്റ്, പി.ജി, ഡോക്ടറൽ, സ്‌കിൽ വികസന പ്രോഗ്രാമുകൾക്ക് സാദ്ധ്യതയേറെയുണ്ട്. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഐ.ഇ.എൽ.ടി.എസ്സിൽ 9 ൽ 7 ബാൻഡ് നേടാൻ ശ്രമിക്കണം. മികച്ച അക്കാഡമിക് മെരിറ്റ്, IELTS സ്‌കോർ, പ്രോജക്ട് വർക്ക് മുതലായവ പ്രവേശനം എളുപ്പത്തിലാക്കാൻ സഹായിക്കും. ലോക യൂണിവേഴ്‌സിറ്റി റാങ്കിംഗ് നിലവാരത്തിലുള്ള നിരവധി സർവ്വകലാശാലകൾ ന്യൂസിലാൻഡിലുണ്ട്.

പി എച്ച്.ഡി @ എൻ.ഐ.ടി, ട്രിച്ചി

എൻ.ഐ.ടി ട്രിച്ചി 2025 ജനുവരിയിൽ ആരംഭിക്കുന്ന പി‌എച്ച്.ഡി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഫുൾടൈം, പാർട്ട്ടൈം റിസർച്ച് പ്രോഗ്രാമുകളുണ്ട്. 17 ഡിപ്പാർട്ട്മെന്റുകളിലായി 58 സീറ്റുകളുണ്ട്. പ്രവേശനം ലഭിക്കുന്നവർക്ക് ഫെലോഷിപ്പ് ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. www.nitt.edu.

ഒളിമ്പ്യാഡ് ജേതാക്കൾക്ക് ഐ.ഐ.ടി കാൺപൂരിൽ സീറ്റ് സംവരണം

ഐ.ഐ.ടി കാൺപൂർ ബി.ടെക്, ബി.എസ് സീറ്റുകളിൽ ഇന്റർനാഷണൽ ഒളിമ്പ്യാഡ് ജേതാക്കൾക്ക് സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. INMO/ IMO, INOI/IOI, INChO, IMOTC ഒളിമ്പ്യാഡ് വിജയികൾക്ക് ബയോളജിക്കൽ സയൻസ്, ബയോഎൻജിനിയറിംഗ് എന്നിവയ്ക്ക് രണ്ടു വീതം സീറ്റുകളിലും കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗിൽ 6 സീറ്റുകളിലും സംവരണം ഉണ്ട്. കെമിസ്ട്രി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലും സംവരണം ലഭിക്കും. www.iitk.ac.in.